ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

single-img
21 January 2018


പുത്തന്‍കുരിശ്: വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദലിത് ഭൂ അവകാശമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പോലിസ് കസ്റ്റഡിയിലെടുത്തു.ന്യൂസ്‌പോർട്ട് എഡിറ്റർ അഭിലാഷ് പടച്ചേരിയും ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടർ അനന്തു രാജഗോപാൽ ആശയും അടക്കം 9 പേരെയാണു അറസ്റ്റ് ചെയ്തത്.

ഇവര്‍ രാമമംഗലം പോലീസ് സ്റ്റേഷനില്‍ ആണ് ഉള്ളത്. ഇവര്‍ക്കെതിരെ കേസ് ചുമത്തുമെന്നും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്നും രാമമംഗലം സി ഐ പറഞ്ഞു. ഇരുവരും മാധ്യമ പ്രവര്‍ത്തകര്‍ അല്ല മാവോയിസ്റ്റ് അനുഭാവികള്‍ ആണ് എന്നാണു പോലീസ് പറയുന്നത്.

ഏഴു പതിറ്റാണ്ടായി വടയമ്പാടിയിലെ നാലു ദലിതു കോളനിയിലെ ജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി അവിടെ എൻ.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതിൽ പണിതതിനെതിരെയുമാണ് സമരം നടന്നു വരുന്നത്.എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദളിത് ഭൂ അവകാശ സമരമുന്നണി കഴിഞ്ഞ 10 മാസത്തോളമായി സമരം നടത്തിവരികയാണ്. കയ്യേറ്റത്തിനെതിരെ സമരസമിതി നിരാഹാരസമരം ആരംഭിച്ചിരുന്നു.