അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ; പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടമായി

single-img
20 January 2018


അമേരിക്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി. അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. ഡെമോക്രാറ്റുകളുടെ നിലപാടാണ് ബജറ്റ് പരാജയപ്പെടാന്‍ കാരണം. ഫെബ്രുവരി 16 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ ബജറ്റായിരുന്നു പാസാകേണ്ടിയിരുന്നത്.

ബജറ്റ് പാസാകാന്‍ 60 വോട്ടുകളാണ് വേണ്ടത്. എന്നാല്‍ 48 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. ബില്ലിനെ അനുകൂലിച്ച് അഞ്ച് ഡെമോക്രാറ്റ് അംഗങ്ങള്‍ മാത്രമാണ് വോട്ട് ചെയ്തത്. നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തു.

കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിലെ ട്രംപിന്റെ നിലപാടുകളോടുള്ള എതിര്‍പ്പാണ് ബില്ലിനെ എതിര്‍ക്കാന്‍ ഡെമോക്രാറ്റുകളെ പ്രേരിപ്പിച്ചത്. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പില്‍ സെനറ്റര്‍മാര്‍ തമ്മില്‍ സമവായത്തിലെത്താഞ്ഞതാണ് ബജറ്റ് പാസാകാതിരിക്കാന്‍ കാരണം.

ഇതോടെ ട്രഷറിയില്‍നിന്നുള്ള ധനവിനിമയം പൂര്‍ണമായും മുടങ്ങും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഎസ് നേരിടുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. 2013ല്‍ ബറാക് ഒബാമയുടെ ഭരണകാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ലക്ഷക്കണക്കിനു പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

ആഭ്യന്തര സുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തര സര്‍വീസുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണമാണു പാസാക്കാന്‍ സാധിക്കാതിരുന്നത്. ‘ഷട്ട് ഡൗണി’ന്റെ സമയത്ത് 40 ശതമാനത്തോളം പേര്‍ക്കുള്ള ശമ്പളവിതരണം തടസ്സപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യും. അതേസമയം, സൈനിക മേഖലകളില്‍ ജോലി ചെയ്യുന്നവരെ പ്രശ്‌നങ്ങള്‍ ബാധിക്കില്ല.

ട്രഷറി പൂട്ടിയാലും അടിയന്തര സര്‍വീസുകളുടെ പ്രവര്‍ത്തനം തുടരും. ദേശീയ സുരാക്ഷ, പോസ്റ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ആരോഗ്യമേഖല, ദുരന്ത നിവാരണം, ജയില്‍, നികുതി, വൈദ്യുതി ഉത്പാദനം എന്നിവയുടെ പ്രവര്‍ത്തനം തുടരാന്‍ കഴിയും. എന്നാല്‍ ദേശീയ പാര്‍ക്കുകളും സ്മാരകങ്ങളും അടച്ചുപൂട്ടും.

എന്നാല്‍ ഈ പ്രതിസന്ധി താത്കാലികമാണെന്നും ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ 2013 ല്‍ ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്തായിരുന്നു അമേരിക്ക ഇത്തരമൊരു പ്രതിസന്ധി നേരിട്ടത്.