ക്ലാസില്‍ വരാത്തതിന് സ്‌കൂളില്‍നിന്നു പുറത്താക്കി: പ്ലസ് ടു വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ കൊന്നു

single-img
20 January 2018

തുടര്‍ച്ചയായി ക്ലാസില്‍ എത്താത്തതിനെ തുടര്‍ന്നു സ്‌കൂളില്‍നിന്നു പുറത്താക്കിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. പിതാവിന്റെ റിവോള്‍വറുമായെത്തിയ വിദ്യാര്‍ഥി പ്രിന്‍സിപ്പല്‍ റിതു ചബ്‌റയുടെ നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു.

മൂന്ന് വെടിയുണ്ടകളേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാജര്‍ കുറവായതിനാലും മോശം പെരുമാറ്റത്തെതുടര്‍ന്നും വിദ്യാര്‍ഥിക്കെതിരെ പ്രിന്‍സിപ്പാള്‍ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ കാണണമെന്ന് പറഞ്ഞ് മുറിയില്‍ കയറിയ വിദ്യാര്‍ഥി കൈയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ സ്‌കൂളിലെ ജീവനക്കാര്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിയെ പിടികൂടുന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. അടുത്തകാലങ്ങളിലായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട് അറസ്റ്റിലാവുന്ന മൂന്നാമത്തെ സംഭവമാണിത്.