പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി: പ്രതിഷേധിക്കാന്‍ ഫേസ്ബുക്ക് കൂട്ടായ്മയും ഹാഷ് ടാഗ് കാമ്പയിനുകളും ഇല്ലേ ?

single-img
20 January 2018

റെക്കോഡുകള്‍ ഭേദിച്ച് ഡീസല്‍, പെട്രോള്‍ വില കുതിക്കുന്നു. ബുധനാഴ്ച 67.39 രൂപയായിരുന്ന ഡീസല്‍വില വ്യാഴാഴ്ച 67.59 രൂപയും വെള്ളിയാഴ്ച 67.79 രൂപയുമായി. ബുധനാഴ്ച 75.29 രൂപയായിരുന്ന പെട്രോള്‍വില വ്യാഴാഴ്ച 75.42 ആയും വെള്ളിയാഴ്ച 75.57 ആയും വര്‍ധിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പെട്രോളിനും ഡീസലിനും 20 പൈസവീതം വീണ്ടും കൂട്ടി. ജനുവരി ഒന്നിന് 64 രൂപയായിരുന്ന ഡീസല്‍വില ഇപ്പോള്‍ അറുപത്തെട്ടിലേക്ക് എത്തി. പെട്രോള്‍വിലയും റെക്കോഡിലേക്ക് നീങ്ങുകയാണ്. 77 രൂപയാണ് ഇതുവരെയുള്ള ഉയര്‍ന്ന വില.

രാജ്യാന്തര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതാണ് പെട്രോള്‍, ഡീസല്‍, പാചക വാതകം തുടങ്ങിയ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ലോക വിപണിയിലെ വിലകയറ്റം ഈ വര്‍ഷം മൊത്തവും ഉണ്ടാകും എന്നാണ് മാര്‍ക്കറ്റ് വിദഗ്ദര്‍ നല്‍കുന്ന സൂചനകള്‍.

ഒരു ബാരലിന് 70 ഡോളറാണ് നിലവില്‍ വില. 2016 ല്‍ ഇത് 40 ഡോളറിന് താഴെ എത്തിയതാണ്. എന്നാല്‍, ഇപ്പോഴത്തെ മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ക്രൂഡിന്റെ വില അധികം വൈകാതെ 80 ഡോളര്‍ കടക്കുമെന്നാണ് പ്രവചനം. ഈ വര്‍ഷാവസാനം ഇത് 90 ഡോളറിനു അടുത്തകുമെന്ന് കരുതുന്നവരുമുണ്ട്.

2017 ല്‍ പന്ത്രണ്ട് മാസം കൊണ്ട് ക്രൂഡിന്റെ വില 14 ശതമാനം കൂടിയപ്പോള്‍ ഈ വര്‍ഷം കേവലം രണ്ടാഴ്ച കൊണ്ട് കൂടിയത് 3.6 ശതമാനമാണ്. ഡീസല്‍വില സര്‍വകാല റെക്കോഡിലെത്തിയതോടെ അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവയ്ക്ക് വില കൂടി.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന വിലക്കയറ്റം വന്‍ പ്രതിഷേധത്തിന് കളമൊരുക്കിയിട്ടുണ്ട്. രാഷ്ട്രീയകക്ഷികളും മുന്നണികളും പ്രതിഷേധം പ്രസ്താവനകളില്‍ ഒതുക്കുന്നതിലും ജനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്.

സാമ്പ്രദായികമായ, വഴിപാട് പ്രതിഷേധ സമരങ്ങള്‍ പോലും ഇന്ന് കാണുന്നില്ല. എന്നാല്‍, സോഷ്യല്‍ മീഡിയയിലെ ന്യുജെന്‍ പ്രതിഷേധവും തണുപ്പന്‍ മട്ടിലാണ്. ഡീസല്‍വില അനിയന്ത്രിതമായി വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ 24ന് ട്രേഡ് യൂണിയനുകള്‍ സംയുക്തപണിമുടക്കിന് ആഹ്വാനംചെയ്തിട്ടുണ്ട്. യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 30 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.