പ്രവാസി തൊഴിലാളികളെ മോദി സര്‍ക്കാര്‍ രണ്ടാംകിട പൗരന്‍മാരാക്കി മാറ്റുന്നോ?: പ്രതിഷേധം ശക്തം

single-img
20 January 2018

പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ട്. പരിഷ്‌കരണം പൗരന്മാര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുമെന്നും അവസാന പേജ് ഇല്ലാതാകുന്നത് വിദേശ ഇന്ത്യക്കാരെ, പ്രത്യേകിച്ച് ഗള്‍ഫിലെ പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കുമെന്നും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പാസ്‌പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ്‌പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്.

ഇപ്പോള്‍ പാസ്‌പോര്‍ട്ടില്‍ അവസാന പേജ് പ്രിന്റ് ചെയ്യുന്നില്ല. എമിഗ്രേഷന്‍ ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ക്കാണ് ഓറഞ്ച് കളര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എമിഗ്രേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് നീല കവര്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

നിരവധി പ്രവാസിസംഘടനകളും നേതാക്കളും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ കുടിയേറ്റതൊഴിലാളികളെ രണ്ടാംകിടപൗരന്മാരായി ചിത്രീകരിക്കുന്നത് അനീതിയാണെന്നും ദുബായ് കെ.എം.സി.സി. പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ഏകരാജ്യം ഏകജനത എന്ന രാഷ്ട്രതത്ത്വത്തിന് എതിരേയാണ് പുതിയ നീക്കം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയ പ്രവാസികളെ അപമാനിക്കുന്നതിന് സമാനമായ ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആക്ടിങ് പ്രസിഡന്റ് ആവയില്‍ ഉമ്മര്‍ ഹാജിയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും ആവശ്യപ്പെട്ടു.

കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് ഓറഞ്ചുനിറമുള്ള പാസ്‌പോര്‍ട്ട് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപരിഷ്‌കൃതമാണെന്ന് അബുദാബി കെ.എം.സി.സി. ദക്ഷിണമേഖലാ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രവാസികളെ വിദ്യാഭ്യാസത്തിന്റെ പേരില്‍ തരംതിരിച്ച് പാസ്‌പോര്‍ട്ട് നല്‍കുക വഴി കഴിവും പരിചയസമ്പത്തുമുള്ളവര്‍ക്ക് വിദേശരാജ്യങ്ങളില്‍ അവസരങ്ങള്‍ നഷ്ടമാവും.

പാസ്‌പോര്‍ട്ടിലെ അവസാനപേജ് ഒഴിവാക്കുന്നത് ആശ്രിത വിസ എടുക്കുന്നവര്‍ക്കും പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കും. വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും കേരളാ എം.പി.മാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.