എല്ലാ പ്രവാസികളും നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കണം: കാരണം…

single-img
20 January 2018

2008ലാണ് മറ്റ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ക്കായി നോര്‍ക്ക തിരിച്ചറിയല്‍കാര്‍ഡ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വിവിധ പദ്ധതികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡായി ഇത് ഉപയോഗിക്കാന്‍ കഴിയും. സര്‍ക്കാറിന്റെ മറ്റ് എന്തൊക്ക സഹായപദ്ധതികള്‍ ഉണ്ടെങ്കിലും ഏറ്റവും ആകര്‍ഷകമായതും സ്വന്തമാക്കാന്‍ താരതമ്യേന എളുപ്പമുള്ളതുമാണ് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

അപകട മരണം, അപകടം മൂലം സംഭവിക്കുന്ന സ്ഥിരമായതോ ഭാഗികമായതോ ആയ അംഗവൈകല്യം തുടങ്ങിയവക്കും ആനുകൂല്യം ലഭിക്കും. ഇന്‍ഷുറന്‍സ് കവറേജിന്റെ പോളിസി നമ്പര്‍ ഈ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുകയും ചെയ്യും. അപേക്ഷാ രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപയാണ്.

വിദേശത്ത് ആറുമാസത്തിലധികം ജോലിചെയ്യുകയോ റസിഡന്റ് പെര്‍മിറ്റ് നേടി താമസിക്കുകയോ ചെയ്യുന്ന 18 വയസ് തികഞ്ഞ ആര്‍ക്കും കാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷാഫോം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവ വഴി ലഭിക്കും. വിവിധ പ്രവാസിസംഘടനകള്‍ വഴിയും നോര്‍ക്കയുടെയും നോര്‍ക്ക റൂട്ട്‌സിന്റെയും ഓഫിസുകളിലും ‘http://www.norkaroots.net’, www.norkaroots.net എന്ന വെബ്ൈസെറ്റിലും സൗജന്യമായി ഫോറം ലഭിക്കും.

സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് വിസ ഉള്‍പ്പെടെയുള്ളത്, അതത് രാജ്യങ്ങളില്‍ നിലവിലുള്ള നിയമാനുസൃതമായ വിസ/തൊഴില്‍/താമസ പെര്‍മിറ്റിന്റെ പകര്‍പ്പ് എന്നിവ അപേക്ഷക്കൊപ്പം നല്‍കണം. നേരില്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ 300 രൂപ.

അല്ലെങ്കില്‍ 300രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് (ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍, നോര്‍ക്ക റൂട്ട്‌സ് എന്ന പേരില്‍ അതത് മേഖലാ ആസ്ഥാനത്ത് മാറാവുന്നത്) വേണം. ഇവയും പൂരിപ്പിച്ച അപേക്ഷയും സഹിതം അപേക്ഷകനോ, അയാളുടെ അഭാവത്തില്‍ കുടുംബാംഗമോ അതത് മേഖലാ ഓഫിസില്‍ തപാല്‍ വഴിയോ നേരിേട്ടാ നല്‍കുകയാണ് വേണ്ടത്.

അപേക്ഷാ ഫോറത്തില്‍ കാണിച്ച വിവരങ്ങള്‍ ശരിയാണെന്ന് അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി അല്ലെങ്കില്‍ നാട്ടിലുള്ള വാര്‍ഡ് അംഗം, കൗണ്‍സിലര്‍, പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, മേയര്‍, ഗസറ്റഡ് ഓഫിസര്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യെപ്പടുത്തിയിരിക്കണം. അവരുടെ പേരോട്കൂടിയ സീല്‍ പതിച്ച് ഒപ്പുവെക്കുകയും വേണം.

ഇതല്ലാതെ വെബ്‌സൈറ്റിലൂടെ നേരിട്ടും അപേക്ഷ നല്‍കാനാകും. പരമാവധി മൂന്ന് വര്‍ഷമാണ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി. ഇത് കഴിഞ്ഞാല്‍ 300 രൂപ വീണ്ടും നല്‍കി മൂന്ന് വര്‍ഷത്തേക്ക് വീണ്ടും കാര്‍ഡ് പുതുക്കാനുമാകും. ഓര്‍ക്കുക, പ്രവാസികളുമായി ബന്ധപ്പെട്ട ഏത് നടപടിക്രമങ്ങള്‍ക്കുമുള്ള ഔദ്യോഗിക രേഖയായി നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് മാറ്റുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

കടപ്പാട്: മാധ്യമം