ജഡ്ജി ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും; തിങ്കളാഴ്ച വാദം തുടങ്ങും

single-img
20 January 2018


ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും.

ലോയയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാലയുമാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് വിട്ട നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങള്‍ ഉന്നയിച്ചത്. ജനുവരി 16 ന് കേസ് പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയത്.

അന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണവിവരങ്ങളും മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് തുടര്‍ന്ന് പരിഗണിക്കുന്നതില്‍ നിന്നും താന്‍ പിന്‍മാറുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കിയത്.

കേസ് അനുയോജ്യമായ മറ്റൊരു ബെഞ്ചിന് കൈമാറാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിഷ് സാല്‍വെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് അതീവരഹസ്യസ്വഭാവം ഉള്ളതാണെന്നും പരസ്യപ്പെടുത്തരുതെന്നും സാല്‍വെ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

രാജ്യത്തെ ജുഡീഷ്യറിയില്‍ ഇന്ന് നിലനില്‍ക്കുന്ന അസാധാരണ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജിയായിരുന്നു. കേസ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ എം ശാന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ചിലാണ് ലിസ്റ്റ് ചെയ്തത്.

ഇതില്‍ പ്രകോപിതരായാണ് സുപ്രിം കോടതിയിലെ മുതര്‍ന്ന ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ജനുവരി 12 ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയ (48)യുടെ മരണം സംബന്ധിച്ചാണ് കേസ്.

2014 ഡിസംബര്‍ ഒന്നിന് ഒരു വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ നാഗ്പുരിലെത്തിയ ലോയ പുലര്‍ച്ചെ മരണമടഞ്ഞു. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും സംഭവത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2014 ഒക്ടോബര്‍ 31ന് അമിത് ഷാ നേരിട്ടു ഹാജരാകണമെന്നു ലോയ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒക്ടോബര്‍ 31നു മുംബൈയിലുണ്ടായിട്ടും അമിത് ഷാ ഹാജരായില്ല. ലോയ ഇതിനെ വിമര്‍ശിച്ചു. ഡിസംബര്‍ 15ലേക്കു കേസ് മാറ്റുകയും ചെയ്തു.

ഡിസംബര്‍ ഒന്നിനായിരുന്നു ലോയയുടെ മരണം. സൊഹ്‌റാബുദീന്‍ ഷെയ്ഖ് കേസില്‍ അനുകൂല വിധിക്കായി ലോയയ്ക്കു 100 കോടി രൂപ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ വാഗ്ദാനം ചെയ്തിരുന്നുവെന്ന അതീവഗുരുതരമായ ആരോപണം ലോയയുടെ സഹോദരി ഡോ. അനുരാധ ബിയാനി ഉന്നയിച്ചിരുന്നു.