സ്നേഹം നഷ്ടമാകുമെന്ന ഭയത്താൽ അമ്മയ്ക്ക് മകനെ കൊല്ലാനാകുമോ?അമ്മ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ജിത്തുവിന്റെ സഹോദരി

single-img
20 January 2018

മകനെ അമ്മ കൊലപ്പെടുത്തിയ

കൊല്ലം:കൊട്ടിയത്തു പതിനാലുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി മകൾ. ജിത്തുവിന്‍റെ സ്നേഹം നഷ്ടപ്പെടുമെന്ന് അമ്മ ഭയന്നിരുന്നതായി ജിത്തുവിന്റെ സഹോദരി.അമ്മയ്ക്കു മാനസികപ്രശ്നങ്ങളും ഉണ്ടായിരുന്നു. അച്ഛന്റെ വീട്ടിൽപ്പോയി തിരികെ വരുമ്പോഴെല്ലാം ജിത്തു അമ്മയോടു വഴക്കിട്ടിരുന്നു. ഇതിനോടെല്ലാം അമ്മ രൂക്ഷമായി പ്രതികരിക്കും. പിന്നീടു സാധാരണ നിലയിലാകുന്നതിനാൽ ചികിൽസിച്ചില്ല. അമ്മയ്ക്കു സ്വഭാവദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചെന്നും ജിത്തുവിന്റെ സഹോദരി വെളിപ്പെടുത്തി.

മകന്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് മാതാവിനെ പ്രകോപിപ്പിച്ചിരുന്നതായി ജിത്തുവിന്‍റെ പിതാവ് പറഞ്ഞിരുന്നു. 15ന് വൈകീട്ട് അഞ്ചരയോടെയാണ് കൊല നടത്തിയെന്നാണു ജയമോളുടെ മൊഴി. ഭര്‍തൃവീട്ടില്‍ പോയിവന്ന മകനുമായി വാക്കുതര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്നുള്ള പ്രകോപനത്താലായിരുന്നു കൊലപാതകം എന്നാണു ജയമോളുടെ മൊഴി.

അതേസമയം ജിത്തുവിനെ അമ്മ കൊലപ്പെടുത്താൻ കാരണമായത് വസ്തുഓഹരി തർക്കമല്ലെന്ന് മുത്തച്ഛൻ പറഞ്ഞു. കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്നുമാണ് മുത്തച്ഛൻ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനിൽ ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണും പറയുന്നത്. കുരീപ്പള്ളിയിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനത്തിൽ ട്യൂഷൻ കഴിഞ്ഞ് ദിവസവും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ ജിത്തു എത്തുമായിരുന്നു. അന്ന് സ്കൂൾ ഇല്ലാതിരുന്നതിനാൽ വൈകീട്ട് കളികഴിഞ്ഞ്‌ പതിവുപോലെ ജിത്തു മുത്തച്ഛന്റെ വീട്ടിലെത്തിയിരുന്നു.അച്ഛന്റെ സഹോദരി സുനിത ജി.ജോണിന്റെ മക്കളെ ടെലിഫോണിൽ വിളിച്ച് ജന്മദിനാശംസകളും നേർന്നു. മുത്തശ്ശിയുടെ കൈയിൽനിന്ന്‌ ചായയും വാങ്ങിക്കുടിച്ച് കവിളിൽ മുത്തവുംനൽകി ആറുമണിയോടെയാണ് ജിത്തു വീട്ടിലേക്കുമടങ്ങിയത്. കൊച്ചുമകന്റെ മരണവാർത്തയുടെ ഞെട്ടലിൽനിന്ന് ഇവർ ഇനിയും മോചിതരായിട്ടില്ല.

മൃതദേഹം വലിച്ചിഴച്ചു മുറ്റത്തു കൊണ്ടുപോയി ചുറ്റുമതിലിനോടു ചേര്‍ന്നുള്ള സ്ഥലത്തിട്ടു കത്തിച്ചെന്നും, പകുതി കത്തിയ മൃതദേഹം അവിടെനിന്നു തൊട്ടടുത്തുള്ള പറമ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി അവിടെയുള്ള ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളുകയായിരുന്നെന്നുമാണു അറസ്റ്റിലായ ജയമോളുടെ മൊഴിയില്‍ പറയുന്നു. കൊലപാതകം സംബന്ധിച്ച് ജയമോളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.