കോഹ്‌ലിയുടെ ചൂടന്‍ സ്വഭാവത്തിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ താരങ്ങള്‍: ‘അമിത രോഷപ്രകടനം നല്ലതിനല്ല’

single-img
20 January 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും പരമ്പരയും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിവിധ കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാട്ടിലെ തുടര്‍ച്ചയായ പരമ്പര വിജയങ്ങള്‍ക്കു ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീം അമ്പേ പരാജയപ്പെട്ടത്. മാത്രമല്ല കോഹ്‌ലി ഗ്രൗണ്ടിലെടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു.

ഇതിനിടെയാണ് വാര്‍ത്താ സമ്മേളനത്തില്‍ കോഹ്‌ലി മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്. ഈ സംഭവത്തില്‍ മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ കോഹ്‌ലിക്കെതിരെ രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കോഹ്‌ലി മറുപടി പറയാതിരിക്കണമായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീന്‍ പറഞ്ഞു.

ഗ്രൗണ്ടിലും പുറത്തും കോഹ്‌ലി കാണിക്കുന്ന അമിത രോഷപ്രകടനം നല്ലതിനല്ലെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു. കോഹ്‌ലി തന്റെ ചൂടന്‍ സ്വഭാവം ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മദന്‍ലാലും ആവശ്യപ്പെട്ടു. തുടര്‍തോല്‍വികളുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലേക്കു കടക്കുമ്പോള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്.

എന്നാല്‍ അതിനു ദേഷ്യപ്പെടുകയായിരുന്നില്ല വേണ്ടത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഗ്രൗണ്ടിലിറങ്ങിയത് മികച്ച ടീം അല്ലായിരുന്നെന്നും മദന്‍ലാല്‍ അഭിപ്രായപ്പെട്ടു. നേരത്തെ, രണ്ടാം ടെസ്റ്റിലെ തോല്‍വിക്കു ടീം സിലക്ഷനെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരോടു കോഹ്‌ലി ദേഷ്യപ്പെട്ടിരുന്നു.

അജിങ്ക്യ രഹാനെയെ ഒഴിവാക്കിയതും രോഹിത് ശര്‍മയെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയതും ചോദ്യംചെയ്തതാണു കോഹ്‌ലിയെ പ്രകോപിപ്പിച്ചത്. കളി ജയിച്ചാല്‍ അതു മികച്ച ഇലവന്‍; തോറ്റാല്‍ അതു മോശം ടീം. ഇനി കളിക്കുമുന്‍പേ നിങ്ങള്‍ അന്തിമ ഇലവനെ തിരഞ്ഞെടുക്കൂ, ഞങ്ങള്‍ അതിനനുസരിച്ചു കളിക്കാം എന്നായിരുന്നു, കോഹ്‌ലിയുടെ വാക്കുകള്‍.