ഗള്‍ഫില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകം: തൊഴില്‍വിസയുടെ പകര്‍പ്പ് കാണാതെ വിസതട്ടിപ്പില്‍ വഞ്ചിതരാകരുത്

single-img
20 January 2018

 


ഗള്‍ഫില്‍ ജോലിവാഗ്ദാനം ചെയ്ത് സന്ദര്‍ശകവിസയിലയക്കുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലുണ്ടായ പ്രതിസന്ധി മുതലെടുത്താണ് സ്വകാര്യ ഏജന്‍സികള്‍ ആളുകളെ ചൂഷണംചെയ്യുന്നത്. ദുബായിലേക്കാണ് കൂടുതല്‍പേരെ കയറ്റിവിടുന്നത്.

ദുബായ് വിമാനത്താവളത്തില്‍വെച്ച് തൊഴില്‍വിസ കൈമാറുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആളുകളെ കയറ്റി അയക്കുന്നത്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് സന്ദര്‍ശന വിസയില്‍ ദുബായിലെത്തി കുടുങ്ങുന്നത്. 30000 മുതല്‍ ഒരു ലക്ഷം രൂപവരെ വാങ്ങിയാണ് സന്ദര്‍ശകവിസ നല്‍കി കബളിപ്പിക്കുന്നത്.

സന്ദര്‍ശനവിസയില്‍ എത്തുന്നവരെ ദുബായ് വിമാനത്താവളത്തില്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട ഒരാള്‍ സ്വീകരിക്കാനെത്തും. ഒരുദിവസത്തെ താമസത്തിനുശേഷം നാട്ടില്‍നിന്നെത്തിയവരോട് ഓരോ സ്ഥാപനത്തില്‍ക്കയറി ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

വലിയ സാമ്പത്തികലാഭം മുന്നില്‍ക്കണ്ടാണ് ഏജന്‍സികള്‍ തട്ടിപ്പു നടത്തുന്നത്. സന്ദര്‍ശനവിസയ്ക്കുള്ള പണംമാത്രമാണ് വാങ്ങിയിട്ടുള്ളത്. ബാക്കിയുള്ള ഉത്തരവാദിത്വം ജോലിതേടിയെത്തിയവര്‍ക്കാണെന്നു പറഞ്ഞ് ഏജന്‍സി കൈയൊഴിയുകയാണ് ചെയ്യുന്നത്.

തൊഴില്‍വിസ നല്‍കാമെന്നത് വാഗ്ദാനം മാത്രമായതിനാല്‍ ഏജന്‍സികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും കഴിയാതെവരികയാണ്. കൈയില്‍ പണമില്ലാത്തതിനാല്‍ സന്ദര്‍ശനവിസ കാലാവധി തീരുന്നതുവരെ കഴിച്ചുകൂട്ടുവാന്‍ മിക്കവര്‍ക്കും കഴിയില്ല.

ഈ സാഹചര്യത്തില്‍ തട്ടിപ്പിനിരയായ ഒട്ടേറെപേരെ പരിചയക്കാരും സന്നദ്ധസംഘടനകളും ചേര്‍ന്ന് ഇതിനോടകം നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. തൊഴില്‍വിസയുടെ പകര്‍പ്പ് കാണാതെ വിസതട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രവാസികള്‍ മുന്നറിയിപ്പു നല്‍കുന്നു.

കടപ്പാട്: മാതൃഭൂമി