‘ഓണ്‍ ചെയ്യൂ..’: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡില്‍ സ്ത്രീശബ്ദം

single-img
20 January 2018

നടിയെ ആക്രമിച്ച കേസില്‍ പുതിയ വാദങ്ങളുമായി ദിലീപ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിധി വരാനിരിക്കെ പോലീസ് ഇക്കാര്യത്തില്‍ അതീവ ജാഗ്രതയിലാണ് എന്നാണ് വിവരം.

മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പൊലീസ് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം പ്രോസിക്യൂഷന്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. ‘ഓണ്‍ ചെയ്യൂ..’ എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം.

ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പോലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്റെ പരാതിയില്‍ പറയുന്നു. കേസില്‍ തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടി പുരോഗമിക്കുന്നതിനിടെ, അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. ബി. സന്ധ്യയെ ക്രമസമാധാന ചുമതലയില്‍നിന്നുതന്നെ മാറ്റിയതില്‍ പോലീസ് തലപ്പത്ത് അമ്പരപ്പ്. സന്ധ്യയടക്കം മൂന്ന് എ.ഡി.ജി.പി.മാരെയും രണ്ട് ഐ.ജി.മാരെയും മാറ്റി വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറക്കിയത്.

പോലീസ് തലപ്പത്തെ ഉന്നതര്‍ പോലും അറിയാതെയാണിതെന്നാണ് വിവരം. ദക്ഷിണമേഖലാ എ.ഡി.ജി.പി. എന്ന ക്രമസമാധാന ചുമതലയില്‍നിന്നാണ് താരതമ്യേന അപ്രധാന പദവിയായ പോലീസ് ട്രെയിനിങ് കോളജിന്റെ തലപ്പത്തേക്ക് സന്ധ്യയെ നിയമിച്ചത്.

ട്രെയിനിങ് കോളേജിന്റെ തലപ്പത്ത് ഡി.ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ഇതുവരെ. ആ പദവിയിലേക്ക് എ.ഡി.ജി.പി. പദവിയിലുള്ള ഉദ്യോഗസ്ഥയെ നിയമിച്ചത് തരംതാഴ്ത്തലിന്റെ സൂചന നല്‍കുന്നുണ്ട്. ട്രെയിനിങ് കോളജില്‍ പുതിയ തസ്തിക സൃഷ്ടിച്ചായിരുന്നു മാറ്റം. നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍നിന്ന് സന്ധ്യയെ ഒഴിവാക്കിയതായി ഉത്തരവിലില്ല.

പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനി വധക്കേസിന്റെ ചുമതല ബി. സന്ധ്യയ്ക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നു. നടന്‍ ദിലീപിനെതിരായ കേസില്‍ ചുക്കാന്‍ പിടിച്ചതും സന്ധ്യയായിരുന്നു. എന്നാല്‍, കേസിലെ മൊഴികള്‍ ചോര്‍ന്നതും അന്വേഷണവിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതും അന്വേഷണസംഘത്തെ പ്രതിരോധത്തിലാക്കി.

അന്വേഷണം ശരിയായ ദിശയിലല്ലെന്നും ദിലീപിനെതിരേ തെളിവില്ലെന്നും മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ അഭിപ്രായപ്പെട്ടത് വിവാദമുണ്ടാക്കി. സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട എന്ന് താന്‍ പോലീസ് മേധാവിയായിരിക്കെ നിര്‍ദേശം കൊടുത്തതായും സെന്‍കുമാര്‍ പറഞ്ഞു. ദിലീപ് സര്‍ക്കാരിനുകൊടുത്ത പരാതിയില്‍ സന്ധ്യയ്‌ക്കെതിരേ ആരോപണങ്ങളുണ്ടായിരുന്നു.

സന്ധ്യയുടെ മാറ്റത്തിനു പിന്നില്‍ ഇക്കാര്യങ്ങള്‍ പരിഗണിച്ചതായി സൂചനയില്ല. ഒരേ സ്ഥാനത്ത് ഒന്നര വര്‍ഷത്തിലേറെയായതിനാലുള്ള സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. പോലീസ് തലപ്പത്ത് വരാന്‍ പോകുന്ന നിര്‍ണായക മാറ്റങ്ങളുടെ സൂചനയാണ് ഇതെന്നും വിലയിരുത്തുന്നു.