എബിവിപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ബിജെപിയുടെ ഗൂഡനീക്കം: എസ്ഡിപിഐ പ്രവര്‍ത്തകരുടെ പേര് പറയാതെ കുമ്മനവും

single-img
20 January 2018

എബിവിപി പ്രവര്‍ത്തകനും പേരാവൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയുമായ കോളയാട് ആലപറമ്പിലെ ശ്യാമപ്രസാദിനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസ് സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ബിജെപിയുടെ ഗൂഡനീക്കം. കേസില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാക്കയങ്ങാട് പാറക്കണ്ടം സ്വദേശികളായ മുഹമ്മദ് (20), സലീം(26), നീര്‍വേലിയിലെ സമീര്‍(25), കീഴലൂരിലെ ഹാഷിം(39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ബി.ജെപി സംസ്ഥാന കമ്മറ്റിയുടെ ഒദ്യോഗീക ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നത്.

പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടിയിട്ടും മുഖം മൂടി സംഘമെന്നാണ് ബി.ജെ.പി മുഖപത്രം ജന്മഭൂമി വാര്‍ത്ത നല്‍കിയത്. ബി.ജെപി സംസ്ഥാന അധ്യക്ഷനും പ്രതികള്‍ ആരാണെന്ന് പറയാന്‍ തയ്യാറായില്ല. ആളുകള്‍ക്കിടയില്‍ സിപിഎം വിരുദ്ധത പടര്‍ത്താനാണ് ബിജെപിയുടെ ശ്രമമെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

ഇന്നലെ വൈകുന്നേരമാണു പേരാവൂര്‍ കൊമ്മേരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊമ്മേരി ആടുഫാമിനു സമീപത്തുവച്ച് കാറിലെത്തിയ മുഖംമൂടിധാരികളായ സംഘം ശ്യാമിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.

സമീപത്തെ വീട്ടിലേക്കു ശ്യാം ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമിസംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ശ്യാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തു നല്‍കിയ വിവരമനുസരിച്ചാണ് അക്രമി സംഘം സഞ്ചരിച്ച കാര്‍ പൊലീസ് തിരിച്ചറിഞ്ഞത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ചു കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്. വൈകുന്നേരം ആറുമണിവരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ജില്ലയില്‍ പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചു.