16 മണിക്കൂര്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദനം; ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ പ്രയോഗം: അമ്മയെ കൊന്ന് കത്തിച്ച മകനെതിരെ പേരൂര്‍ക്കട പൊലീസിന്റെ മൂന്നാംമുറ

single-img
20 January 2018


തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയെ കൊന്ന് കത്തിച്ച കേസില്‍ അറസ്റ്റിലായ അക്ഷയിയെ പൊലീസ് മൂന്നാം മുറയ്ക്ക് ഇരയാക്കിയെന്ന് ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചെന്നും ഈര്‍ക്കില്‍ പ്രയോഗം നടത്തിയെന്നുമാണ് ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ മാസം ജില്ലാ ജയിലില്‍ ആര്‍ ശ്രീലേഖ നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. തടവുകാരുടെ പരാതി കേള്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. അപ്പോഴാണ് സെല്ലില്‍ തളര്‍ന്ന് കിടക്കുന്ന അക്ഷയ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അക്ഷയില്‍ നിന്നും ആര്‍ ശ്രീലേഖ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.

അതിക്രൂരമായ രീതിയിലാണ് പോലീസ് കസ്റ്റഡിയില്‍ അക്ഷയ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത അക്ഷയുടെ അറസ്റ്റ് രണ്ട് ദിവസം കഴിഞ്ഞാണ് രേഖപ്പെടുത്തിയത്. ഈ സമയം കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇയാളെ വിധേയനാക്കിയെന്നാണ് ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട്.

തലകീഴായി പതിനാറ് മണിക്കൂര്‍ നേരം കെട്ടിത്തൂക്കിയായിരുന്നു പീഡനമെന്ന് അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. ഗരുഡന്‍ തൂക്കമെന്നാണ് ഈ പോലീസ് മൂന്നാം മുറ അറിയപ്പെടുന്നത്. അക്ഷയുടെ കൈകാലുകള്‍ പോലീസുകാര്‍ തല്ലിച്ചതച്ചു. മാത്രമല്ല ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ പ്രയോഗവും നടത്തി.

മര്‍ദനം മൂലമുണ്ടായ മുറിവുകള്‍ സ്‌പ്രേ പ്രയോഗിച്ച് മറച്ചാണ് പോലീസ് തന്നെ തെളിവെടുപ്പിന് കൊണ്ടുപോയത് എന്നും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒന്നാം തിയ്യതി മുതല്‍ ആറാം തിയ്യതി വരെയാണ് അക്ഷയിയെ പോലീസ് തെളിവെടുപ്പിന് കൊണ്ട് പോയത്.

അതേസമയം, പീഡനം ഭയന്നാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്ന് അക്ഷയ് ജയില്‍ ഡിജിപിയോട് വ്യക്തമാക്കി. ഏഴാം തിയ്യതി ആര്‍ ശ്രീലേഖ ജയിലില്‍ എത്തിയപ്പോള്‍ അക്ഷയ് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു.

അക്ഷയിയുടെ മൊഴിയെടുത്ത ശേഷം വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. ഡോക്ടറുടെ റിപ്പോര്‍ട്ടും മര്‍ദനമേറ്റ അടയാളങ്ങളുടെ ചിത്രങ്ങളും സഹിതമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മര്‍ദനത്തിന് നേതൃത്വം നല്‍കിയ പേരൂര്‍ക്കട സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നതതല അന്വേഷണവും നടപടിയും ശുപാര്‍ശ ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പെലീസിനെതിരേ ഉന്നതതല അന്വേഷണം ഉടനുണ്ടാകും.