എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
20 January 2018


കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍, സലീം ഹംസ, അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്‍, കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകം നടന്നു രണ്ട് മണിക്കൂറിനകം വയനാട് ബോയ്‌സ് ടൗണില്‍നിന്നാണു പ്രതികളെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിപിഎം പ്രവര്‍ത്തകര്‍ കാക്കയങ്ങാട് ദിലീപന്‍ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്.

ഇന്നലെ വൈകുന്നേരമാണു പേരാവൂര്‍ കൊമ്മേരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊമ്മേരി ആടുഫാമിനു സമീപത്തുവച്ച് കാറിലെത്തിയ മുഖംമൂടിധാരികളായ സംഘം ശ്യാമിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.

സമീപത്തെ വീട്ടിലേക്കു ശ്യാം ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമിസംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
ശ്യാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തു നല്‍കിയ വിവരമനുസരിച്ചാണ് അക്രമി സംഘം സഞ്ചരിച്ച കാര്‍ പൊലീസ് തിരിച്ചറിഞ്ഞത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ചു കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ ഭാഗികമാണ്. വൈകുന്നേരം ആറുമണിവരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ജില്ലയില്‍ പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചു.