ജയിലിലോ കോടതിയിലേക്കുള്ള വഴിയിലോ നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്;വെളിപ്പെടുത്തലുമായി സിനിമപ്രവര്‍ത്തകന്‍

single-img
19 January 2018

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കുമെന്ന് സിനിമാ പ്രവര്‍ത്തകന്‍ സലിം ഇന്ത്യ. ആലുവ സബ് ജയിലില്‍ വച്ചോ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കോ കൊല്ലപ്പെടുമെന്ന് താന്‍ ഭയക്കുന്നതായി സലിം ഇന്ത്യ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് സലിം ഇന്ത്യ ഇക്കാര്യം പറഞ്ഞത്.

ദിലീപിനുവേണ്ടി ആദ്യം മുതൽക്കേ പ്രവർത്തിക്കുകയും ദിലീപ് നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നയാളാണ് എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ. ദിലീപിന്റെ നീതിക്കുവേണ്ടി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും സലിം ഇന്ത്യ ഹർജി നൽകിയിരുന്നു.

സംഭവത്തില്‍ ചിലര്‍ മാര്‍ട്ടിനെ ഭയക്കുന്നു. മാര്‍ട്ടിന്‍ ജീവിച്ചിരുന്നാല്‍ ദിലീപിന്റെ നിരപരാധിത്വം പുറത്ത് വരുമെന്ന് അവര്‍ ഭയക്കുന്നു. മാത്രമല്ല, തന്റെ ജീവന്‍ അപകടത്തിലാണെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സത്യം അറിയാവുന്ന മാര്‍ട്ടിന് സംരക്ഷണം നല്‍കണമെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടു വരാന്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സലിം ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ടതല്ലെന്നും സംഭവം കൃത്രിമ സൃഷ്ടിയാണെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.