Latest News, Videos

മകനെ കത്തിക്കാന്‍ മണ്ണെണ്ണ വാങ്ങിയത് അയല്‍ വീട്ടില്‍ നിന്ന്: അമ്മ പോലീസിന് മൊഴി നല്‍കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണാം

അമ്മ പതിനാലുകാരനെ കൊലപ്പെടുത്തിയത്

കൊല്ലം കൊട്ടിയത്ത് അമ്മ പതിനാലുകാരനെ കൊലപ്പെടുത്തിയത് ആസൂത്രിതമല്ലെന്ന നിഗമനത്തില്‍ പൊലീസ്. കൃത്യം നടത്തിയത് അമ്മ ഒറ്റയ്‌ക്കെന്നാണ് പൊലീസ് കരുതുന്നത്. പുലര്‍ച്ചെ വരെയുള്ള ചോദ്യം ചെയ്യലിലും ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് അമ്മ.

രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്. വീടിനു പിന്നിലും സമീപത്തെ റബര്‍ തോട്ടത്തിലുമാണിത്. കത്തിച്ച മൃതദേഹം അവര്‍ രണ്ടു ദിവസം പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, വസ്തുത്തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതേസമയം പിതാവ് ജോബിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഭാര്യക്ക് മാനസിക രോഗമുണ്ടെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. അയല്‍ വീട്ടില്‍ നിന്നാണ് മൃതദേഹം കത്തിക്കാന്‍ മണ്ണെണ്ണ വാങ്ങിയതെന്ന് ജയ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യുവാവിനു സംഭവത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു. കൊലപ്പെടുത്തിയ ശേഷം മകന്‍ ജിത്തു ജോബിനെ കത്തിച്ചെന്ന് കുറ്റസമ്മതം നടത്തിയ ജയ ജോബ് കമ്മീഷ്ണര്‍ ഉള്‍പ്പടെ ചോദ്യം ചെയ്തിട്ടും പതറിയില്ല.

മകനേ ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കത്തിച്ചു. ഒറ്റക്ക് ചെയ്യാന്‍ കഴിയില്ലല്ലോ എന്ന് പൊലീസ് ചോദിച്ചപ്പോള്‍ സത്യമാണ് സാറേ, മറ്റാര്‍ക്കും പങ്കില്ലെന്നായിരുന്നു മറുപടി. കേസില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്.

മൃതദേഹത്തില്‍ നിന്നും കാണാതായ ഇടംകൈ കണ്ടെത്തിയാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. മകനെ പെട്ടെന്നുള്ള പ്രകോപനത്തില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇന്നലെ രാത്രി ഇവരെ ഒറ്റയ്ക്ക് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.

പിതാവ് കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ജോബ് ജി. ജോണിന്റെ കുടുംബവുമായി ജിത്തു അടുപ്പത്തില്‍ ആയിരുന്നു. ഇടയ്ക്കിടെ അവിടെ പോകുകയും ചെയ്തിരുന്നു. ഇതുപോലെ അവിടെ പോയി വന്നതിന് ശേഷം ജയമോളോട് ചില കാര്യങ്ങള്‍ ജിത്തു സംസാരിച്ചു. ഇതു തന്നെ പ്രകോപിതയാക്കിയെന്നും ഷാള്‍ എടുത്തു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ:

തിങ്കള്‍ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ ജിത്തു ജോബ് സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഈ സമയം വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിയ്ക്കു പോയിരുന്നു.

ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോള്‍ കടയില്‍ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു. ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്‌നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോള്‍ പറഞ്ഞത്. മൂന്നു മണിക്കുറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.

വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേര്‍ന്നു കണ്ട ചെരുപ്പുകള്‍ ജിത്തുവിന്റെതാണെന്നു കണ്ടെത്തി.. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയ്യില്‍ പൊള്ളിയ പാടും കണ്ടതോടെ സംശയം ബലപ്പെട്ടു. ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും സമീപത്തെ റോഡിലേക്ക് പോയി തിരികെപ്പോയി. വീട്ടിനു സമീപം ഇവരുടെ വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.

ജിത്തുവിന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ പിതാവ് ജോബിന്റെ കുടുംബവീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി കൃഷിത്തോട്ടത്തിലായിരുന്നു മൃതദേഹം. ഒരുകാല്‍ വെട്ടിമാറ്റിയ നിലയിലും മറ്റേക്കാല്‍ വെട്ടേറ്റു തൂങ്ങിയ നിലയിലുമായിരുന്നു. കൈകളും വെട്ടിമാറ്റിയിരുന്നു. ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നത്. വീടിനു പിന്നിലെ നടവഴിയില്‍നിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ പോലീസിനു കിട്ടിയിരുന്നു. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ വഴിയില്‍ വീണതാകാം ഇതെന്നാണു കരുതുന്നത്.

വീഡിയോ കടപ്പാട്: മനോരമന്യൂസ്