തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി

single-img
18 January 2018

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ സംഘത്തെ മാറ്റി. പ്രാഥമിക പരിശോധന നടത്തി കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തവരെയാണു മാറ്റിയത്. കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റാണ് ഇനി കേസ് അന്വേഷിക്കുക.

എസ്പി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അതേസമയം, പുതിയ സംഘത്തില്‍ ആദ്യസംഘത്തിലെ ആരെയും ഉള്‍പ്പെടുത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടപടിക്രമത്തിന്റെ ഭാഗമായാണു പുതിയ സംഘത്തെ നിയോഗിച്ചതെന്നാണു വിശദീകരണം.

അതേസമയം തോമസ് ചാണ്ടിക്കെതിരെയായ കേസ് ഇന്ന് കോട്ടയം വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ സംഘത്തെ നിയോഗിച്ചത്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് പരാതിക്കാരുടെ ആരോപണം. അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിവച്ചുവെന്നും ഇത് മൂലം സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചുവെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ പരാതി.