പദ്മാവത് സിനിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി

single-img
18 January 2018

വിവാദ ചലച്ചിത്രം  പദ്മാവത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീം കോടതി നീക്കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടനാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിനിമയ്ക്ക് അനുകൂലമായി ഉത്തരവിട്ടത്. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും അത് സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍ വരണമെന്നില്ലെന്നും വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവയ്ക്ക് വേണ്ടി തുഷാര്‍ മേത്ത വാദിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി എന്നു കരുതി എല്ലാ ഇടങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നില്ലെന്നും സംസ്ഥാനങ്ങള്‍ ഉന്നയിച്ചു.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. ക്രമസമാധാനത്തിന്റെ പേരിലാണെങ്കില്‍ പോലും വിലക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം കോടതി സംരക്ഷിക്കുമെന്നും ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അത് നേരിടേണ്ടത് സംസ്ഥാനങ്ങളാണ്.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതനുസരിച്ചുള്ള മാറ്റങ്ങളെല്ലാം വരുത്തിയിട്ടുണ്ടെന്നും ഇനിയും ചിത്രം വിലക്കുന്നത് നീതീകരിക്കാനാവില്ലെന്നുമായിരുന്നു നിര്‍മാതാക്കള്‍ക്കുവേണ്ടി അഭിഭാഷകനായ ഹരീഷ് സാല്‍വെ വാദിച്ചത്. ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

ചിത്രം കാണാന്‍ നിയോഗിച്ച ആറംഗ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഉപാധികള്‍ അംഗീകരിച്ചാല്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. സിനിമയുടെ പേര് പദ്മാവത് എന്നാക്കണം. സിനിമ തുടങ്ങുമ്പോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം.

https://www.youtube.com/watch?v=8YaF2m7hCx0

വിവാദം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ചിത്രത്തിന് വിലക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിയാനയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയത്.

സംസ്ഥാനത്തു സിനിമയ്ക്കു നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ പദ്മാവതി രാഷ്ട്രമാതാവാണെന്നും ഭോപ്പാലില്‍ പ്രതിമ സ്ഥാപിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പദ്മാവതി പുരസ്‌കാരം ഏര്‍പ്പെടുത്താനും തീരുമാനിച്ചതോടെ വിവാദം കനത്തു.

പദ്മാവത് സിനിമയിലെ ഗാനത്തിനു വിദ്യാർത്ഥികൾ നൃത്തം ചെയ്തതിന്റെ പേരിൽ ചെയ്തതിനു രാജ്പുത് കർണ്ണിസേന മധ്യപ്രദേശിലെ ഒരു സ്കൂളിൽ വാർഷികാഘോഷപരിപാടിയിൽ  ആക്രമണം നടത്തുകയും ചെയ്തിരുന്നു.

ജനുവരി 25-നാണു ചിത്രം റിലീസ് ചെയ്യുന്നത്.

 

പദ്മാവത് വിലക്ക്