ഇവള്‍ പെരുങ്കള്ളി: മാലമോഷ്ടാക്കള്‍ പുതിയ രൂപത്തില്‍; മുന്നറിയിപ്പുമായി പൊലീസ്

single-img
18 January 2018

സംസ്ഥാനത്ത് വീണ്ടും മാലമോഷണ സംഘങ്ങള്‍ സജീവം. ഉല്‍സവ സീസണായതോടെയാണ് സ്ത്രീകളുടെ സംഘം കേരളത്തിലേക്ക് ഇര തേടിയിറങ്ങിയിരിക്കുന്നത്. വളരെ വിദഗ്ദ്ധമായ രീതിയിലാണ് ഇവര്‍ മോഷണം നടത്തുന്നത്. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച് മോടിയില്‍ അണിഞ്ഞൊരുങ്ങി ക്ഷേത്രങ്ങളിലും പള്ളികളിലും എത്തുന്ന ഇവര്‍ പിടിക്കപ്പെട്ടാല്‍ പോലും മോഷ്ടാക്കളാണെന്ന് ആദ്യം ആരും വിശ്വസിക്കില്ല.

ക്ഷേത്രങ്ങളിലും പള്ളികളിലും എത്തുന്ന പ്രായമുള്ള സ്ത്രീകളാണ് ഇവരുടെ ലക്ഷ്യം. കുറഞ്ഞത് മൂന്നുപേരുള്ള സംഘമായാണ് മോഷണത്തിന് എത്തുന്നത്. കഴുത്തില്‍ കിടക്കുന്ന മാല സ്വര്‍ണമാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്നാലെ കൂടും. ഇരയെ കണ്ടെത്തിക്കഴിഞ്ഞാല്‍ അവരുടെ ഇടത്തും വലത്തും പിന്നിലുമായി പിന്തുടരും.

തിരക്കുള്ള ഭാഗത്തെത്തുമ്പോള്‍ ആണ് മാല പൊട്ടിക്കുന്നത്. മാല പൊട്ടിക്കലും ശ്രദ്ധയോടെയാണ്. സാരിയാണിവരുടെ വേഷം. സാരിയുടെ തുമ്പ് ഉപയോഗിച്ച് ഇടതു കൈപ്പത്തിവരെ പുതയ്ക്കും. സാരിത്തുമ്പ് കൊണ്ടു മൂടിയ കൈപ്പത്തി ഉപയോഗിച്ചാണ് മാല പൊട്ടിക്കുന്നത്. മാലയുടെ ഉടമയ്ക്ക് സംശയം തോന്നിയാല്‍ പൊട്ടിച്ച മാല ഉടന്‍ താഴെയിടും. മാലയുടെ ഉടമ അറിയുന്നില്ലെങ്കില്‍ കൂടെയുള്ള ആളിനു കൈമാറും.

പലപ്പോഴും നാട്ടുകാരാണ് ഇവരെ പിടികൂടുന്നത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദ പരിശോധന നടത്തുമ്പോഴാണ് സമാനമായ പത്തും ഇരുപതും കേസ് പല സ്ഥലങ്ങളിലായി ഇവരുടെ പേരില്‍ ഉണ്ടെന്ന് മനസ്സിലാകുന്നത്. ഇവരുടെ വിലാസങ്ങളും ശരിയായി കൊള്ളണമെന്നില്ല.

ഇവരുടെ സംഘത്തിലെ അംഗമാണ് കഴിഞ്ഞയാഴ്ച വൈക്കം ക്ഷേത്രത്തില്‍ പിടിയിലായത്. പൊള്ളാച്ചി മാരിയമ്മന്‍ പോട്ടയില്‍ കാര്‍ത്തിക്കിന്റെ ഭാര്യ വിശാലമാണ് (30) പിടിയിലായത്. ക്ഷേത്രം ജീവനക്കാരാണ് ഇവരെ പിടികൂടിയത്. ക്ഷേത്രദര്‍ശനത്തിനെത്തിയ ചെമ്മനാകരി സ്വദേശി സരോജിനിയുടെ രണ്ടര പവന്‍ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്.

വടക്കേ ഗോപുരനട വഴി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി ശ്രീകോവിലിന്റെ മുന്നില്‍ നിന്നാണ് മാല പൊട്ടിച്ചത്. രണ്ടായി പൊട്ടിയ മാല നിലത്തിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ 2008ല്‍ വൈക്കത്ത് മാല പൊട്ടിച്ച സംഭവത്തില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. പുറമെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ മാല പൊട്ടിച്ച കേസിലും പ്രതിയാണ്.

മാലമോഷ്ടാക്കളില്‍ നിന്ന് രക്ഷനേടാന്‍ പൊലീസ് നല്‍കുന്ന മുന്നറിയിപ്പുകള്‍

വിലകൂടിയ ആഭരണങ്ങള്‍ തിരക്കുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാതിരിക്കുക

അപരിചിതരായവരുമായി ഉല്‍സവ സ്ഥലങ്ങളില്‍ ചങ്ങാത്തം കൂടാതിരിക്കുക.

സംശയാസ്പദമായി കാണപ്പെടുകയാണെങ്കില്‍ സ്ഥലത്തുള്ള പൊലിസിനെ അറിയിക്കുക.

ഉല്‍സവ സ്ഥലങ്ങളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങളും ശ്രദ്ധിക്കുക.