ഇ പ്രോട്ടീന്‍ പൗഡറും ടോണിക്കും നല്‍കി ചികിത്സ; കോഴിക്കോട് നാദാപുരത്ത് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

single-img
18 January 2018

കോഴിക്കോട് കാവിലുംപാറ ചാത്തങ്കോട്ട് നട നാഗംപാറയിലെ പാറപ്പുറത്ത് വിജയനെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. 86 ല്‍ കൂടുതല്‍ ആളുകളെ ഇയാള്‍ ചികിത്സിക്കുന്നുണ്ടെന്ന വിവരങ്ങളും ഇയാള്‍ തന്നെ വെളിപ്പെടുത്തുന്നു. തലവേദനയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വീട്ടമ്മയെ ന്യൂറോ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റില്‍ കാണിക്കണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സര്‍ജ്ജറി ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് കേട്ട വീട്ടമ്മ രോഗം ഗുരുതരമാണെന്ന് തെറ്റിദ്ധരിക്കുകയും ഓപ്പറേഷന്‍ വേണ്ടി വരും എന്നുകരുതി തുടര്‍ചികിത്സയ്ക്ക് തയ്യാറായതുമില്ല. തുടര്‍ന്ന് ഡോക്ടറെ കാണാന്‍ ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയ്ക്കാണ് പുറമേരി കൊഴുക്കണ്ണൂര്‍ അയ്യപ്പക്ഷേത്രത്തിലെ പൂജാരി മുഖേന ഈ വ്യാജ ഡോക്ടറെ ബന്ധുക്കള്‍ പരിചയപ്പെടുന്നത്.

ആള്‍ പ്രഗല്‍ഭനായ ഡോക്ടറാണെന്നും മാരക അസുഖങ്ങള്‍ വരെ ബേധമാക്കിയിട്ടുണ്ടെന്നുള്ള പൂജാരിയുടെ സാക്ഷ്യപെടുത്തലില്‍ ബന്ധുക്കള്‍ വീണുപോകുകയായിരുന്നു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന KEVA എന്ന കമ്പനിയുടെ പ്രോട്ടീന്‍ പൗഡറും, ടോണിക്കു പോലുള്ള മരുന്നും നല്‍കി ഇയാള്‍ മൂന്ന് മാസം കൊണ്ട് ഒരുലക്ഷത്തിലധികം രൂപ ഈടാക്കി.

അമേരിക്കയില്‍ നിന്ന് ഒരു മരുന്നു വരുത്തിക്കാനുണ്ടെന്ന് പറഞ്ഞ് എണ്ണായിരം വേറെയും ഈടാക്കി. ആദ്യം തലവേദന മാത്രമുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ഇയാള്‍ നല്‍കുന്ന മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കെ ക്ഷീണമുണ്ടായി. തുടര്‍ന്ന് ബ്ലാഗ്ലൂരിലെ ന്യൂറോ സര്‍ജജറി ഡിപ്പാര്‍ട്ടുമെന്റില്‍ കാണിക്കുകയും മുന്‍പ് എടുത്ത സ്‌കാനിലടക്കം തലവേദനക്കാധാരമായ ഒരു പ്രശ്‌നവുമില്ലന്നും റെസ്റ്റോ മരുന്നോ സര്‍ജ്ജറിയോ ഒന്നും തന്നെ ആവശ്യമില്ലെന്നും കണ്ടെത്തി.

പൂജാരി നിര്‍ദ്ദേശിച്ച ഡോക്ടര്‍ വ്യാജനാണെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ തന്ത്രപൂര്‍വ്വം കുടുക്കി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ മരുന്നു ഉപേക്ഷിച്ച ശേഷം വീട്ടമ്മ ആരോഗ്യം വീണ്ടെടുക്കുകയും ഇപ്പോള്‍ ജോലിക്കും പോകുകയും ചെയ്യുന്നുണ്ട്.