കോഴിക്കോട് ഒരു കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര സംഘം അന്വേഷണം തുടങ്ങി

single-img
18 January 2018

കോഴിക്കോട് മുക്കത്ത് അരക്കോടിയുടെ മയക്കുമരുന്ന് പിടികൂടിയത് അന്വേഷിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ മൂന്നംഗ സംഘം മുക്കത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കോടി രൂപയോളം വിലവരുന്ന ഒരു കിലോ ബ്രൗണ്‍ഷുഗറുമായി പിടിയിലായ മധ്യപ്രദേശ് സ്വദേശി റഹീസ് മുഹമ്മദിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

പോലീസ് എസ്.പി എം.കെ പുഷ്‌ക്കരന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതി പോലീസ് വലയിലാവുകയായിരുന്നു. ചെരിപ്പിനുള്ളിലും ബാഗിലും ഒളിപ്പിച്ച നിലയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷിനൊപ്പം ഡി.വൈ.എസ്.പിക്കു കീഴിലുള്ള പ്രത്യക സ്‌ക്വാഡിലെ അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്ക് പിന്നില്‍ വന്‍ മാഫിയാ സംഘം ഉള്ളതായി പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. പ്രതിയുടെ അന്തര്‍ സംസ്ഥാന ബന്ധം, രാജ്യാന്തര ബന്ധം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാള്‍ക്കൊപ്പം മറ്റു ചിലരും ഇത്തരത്തില്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

മലബാറിലെ ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബ്രൗണ്‍ഷുഗര്‍ വന്‍ തോതില്‍ കേരളത്തിലേക്ക് കടത്തുന്നതിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.