കൊല്ലത്ത് പതിനാലുകാരനെ അമ്മ തീ കൊളുത്തി കൊന്ന സംഭവത്തില്‍ ദുരൂഹത

single-img
18 January 2018


കൊല്ലം മുഖത്തലയില്‍ 14 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. മൂന്നുദിവസം മുമ്പ് കാണാതായ കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ മകന്‍ ജിത്തു ജോബി (14)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മ ജയമോളെ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്ന് ജയമോള്‍ പൊലീസിനോടു പറഞ്ഞതായാണു സൂചന. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ജയമോളില്‍നിന്ന് കൊലപാതക സൂചന കിട്ടിയത്. മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി.

എന്നാല്‍ സ്വന്തം മകനെ കൊല്ലാന്‍ തക്കവണ്ണമുള്ള പകയുടെ കാരണമാണ് പൊലീസിന് മനസ്സിലാകാത്തത്. ജയ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയേ കൊലപാതകകാരണവും കൂടുതല്‍പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു.

വീടിനു പിന്നിലെ നടവഴിയില്‍നിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ പൊലീസിനു കിട്ടിയിരുന്നു. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ വഴിയില്‍ വീണതാകാം ഇതെന്നാണു കരുതുന്നത്. തറവാട് വീടിനോടു ചേര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നത്.

കത്തിച്ചശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നു സംശയിക്കുന്നു. വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേര്‍ന്നു കണ്ട ചെരുപ്പുകള്‍ ജിത്തുവിന്റെതാണെന്നു കണ്ടെത്തി. വീടിനു സമീപം ഇവരുടെ വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതാണ് മൃതദേഹം കണ്ടെത്താന്‍ സഹായകമായത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം മകനെ കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. ഗള്‍ഫിലായിരുന്ന ജോബ് ജി. ജോണ്‍ നാലുവര്‍ഷം മുന്‍പാണ് മടങ്ങിയെത്തിയത്. ഇദ്ദേഹത്തിന് മകന്റെ കൊലയില്‍ ഒരു സൂചനയുമില്ല. കുണ്ടറ എംജിഡിഎച്ചഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജിത്തു.