2017ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

single-img
18 January 2018

ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നേടി. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് കോഹ്‌ലിയെ ലോക ക്രിക്കറ്റര്‍ പദവിക്ക് അര്‍ഹനാക്കിയത്. ഈ അവാര്‍ഡിന് അര്‍ഹനാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്‌ലി.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും രവിചന്ദ്രന്‍ അശ്വിനുമാണ് മുന്‍പ് ഈ ബഹുമതി നേടിയിട്ടുള്ള ഇന്ത്യക്കാര്‍. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലിക്ക് തന്നെ ലഭിച്ചു. ടെസ്റ്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്.

ഇത് രണ്ടാം തവണയാണ് സ്മിത്ത് മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഹസന്‍ അലിയാണ് എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍. അസോസിയേറ്റ്‌സ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു.

2016 സെപ്റ്റംബര്‍ 21 മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം കോഹ്‌ലിയെ തേടിയെത്തുന്നത് ഇത് രണ്ടാം തവണയാണ്. 2012ലും കോഹ്‌ലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒരേവര്‍ഷം തന്നെ രണ്ടു പുരസ്‌കാരങ്ങള്‍ നേടുന്ന എട്ടാമത്തെ താരമാണു കോഹ്‌ലി. രാഹുല്‍ ദ്രാവിഡ് (2004), ജാക്ക് കാലിസ് (2007), റിക്കി പോണ്ടിങ് (2006), കുമാര്‍ സംഗക്കാര (2012), മൈക്കല്‍ ക്ലാര്‍ക്ക് (2013), മിച്ചല്‍ ജോണ്‍സണ്‍ (2014), സ്റ്റീവ് സ്മിത്ത് (2015) എന്നിവരാണു മറ്റുള്ളവര്‍.

കോഹ്‌ലി നയിക്കുന്ന ഐസിസിയുടെ ഏകദിന ടീമില്‍ ഇന്ത്യയില്‍നിന്ന് രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരും ഇടം നേടി. അതേസമയം, കോഹ്‌ലി തന്നെ നയിക്കുന്ന ഐസിസി ടെസ്റ്റ് ടീമില്‍ ചേതേശ്വര്‍ പൂജാര, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും ഇടം കെണ്ടെത്തി. ഇംഗ്ലണ്ടിനെതിരെ ബംഗളൂരുവില്‍ ആറു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ട്വന്റി20 പ്രകടനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

ഐസിസി ടെസ്റ്റ് ലോക ഇലവന്‍: ഡീന്‍ എല്‍ഗാര്‍ (ദക്ഷിണാഫ്രിക്ക), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), വിരാട് കോഹ്‌ലി (ഇന്ത്യ), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), ചേതേശ്വര്‍ പൂജാര (ഇന്ത്യ), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), ക്വിന്റെണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), ആര്‍.അശ്വിന്‍ (ഇന്ത്യ), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), കഗീസോ റബാഡ (ദക്ഷിണാഫ്രിക്ക), ജയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്).

ഐസിസി ഏകദിന ടീം: ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), രോഹിത് ശര്‍മ (ഇന്ത്യ), വിരാട് കോഹ്‌ലി (ഇന്ത്യ), ബാബര്‍ അസം (പാക്കിസ്ഥാന്‍), എ.ബി.ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), ക്വിന്റഫണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), ട്രന്റ് ബോള്‍ട്ട് (ന്യൂസിലന്‍ഡ്), ഹസന്‍ അലി (പക്കിസ്ഥാന്‍), റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍), ജസ്പ്രീത് ബുംറ (ഇന്ത്യ).

മറ്റു പുരസ്‌കാരങ്ങള്‍:

വനിത ട്വന്റി20 ക്രിക്കറ്റര്‍: സ്റ്റെഫാനി ടെയ്‌ലര്‍ (വെസ്റ്റിന്‍ഡീസ്)

എമര്‍ജിങ് ക്രിക്കറ്റര്‍: ഹസന്‍ അലി (പാക്കിസ്ഥാന്‍)

ഐസിസി അസോസിയേറ്റ്, അഫിലിയേറ്റ് ക്രിക്കറ്റര്‍: റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍)

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ്: അന്യ ഷ്രംബ്‌സോല്‍ (ഇംഗ്ലണ്ട്)

മികച്ച അംപയര്‍: മറായിസ് ഇറാസ്മൂസ് (ദക്ഷിണാഫ്രിക്ക)