ജിത്തുവിനെ കൊന്നത് തനിക്ക് വട്ടാണെന്ന് പറഞ്ഞതിനെന്ന് അമ്മ ജയ: മകനും അമ്മയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പിതാവ് ജോബ്

single-img
18 January 2018

കൊല്ലം: കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അസാധാരണ മൊഴിയുമായി അമ്മ ജയ. തനിക്ക് വട്ടാണെന്ന് പറഞ്ഞതിനാലാണ് മകനെ കൊലപ്പെടുത്തിയത് എന്ന് അമ്മ ജയയുടെ മൊഴി. ജിത്തുവിനോട് പക ഉണ്ടായിരുന്നെന്നും മകന്‍ തന്നെ മാനസിക വിഭ്രാന്തിയുള്ള സ്ത്രീയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നെന്നുമാണ് ജയമോളുടെ മൊഴി.

അന്ധവിശ്വാസിയായ ജയമോള്‍ കുട്ടിയോട് പക വെച്ച് പുലര്‍ത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഭര്‍ത്താവ് ജോബിയുടെ കുടുംബക്കാരുമായി ജയമോള്‍ അകല്‍ച്ചയിലായിരുന്നു. എന്നാല്‍, ജിത്തു പിതാവ് ജോബിയുടെ കുടംബവുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

ഭര്‍ത്താവിന് ലഭിക്കേണ്ട സ്വത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നത്രെ അകല്‍ച്ച. ജോബിയുടെ കുടുംബ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന ജിത്തു സംഭവ ദിവസം അവിടെ പോയി വന്ന് അമ്മയെ കുറ്റപ്പെടുത്തി സംസാരിച്ചു. അച്ഛന്റെ വീട്ടുകാരെ ന്യായീകരിക്കുകയും ചെയ്തു. ഇതായിരുന്നത്രെ പ്രകോപനത്തിന് കാരണം.

മകനെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജയമോള്‍ പൊലീസിനോട് പറഞ്ഞത്. ഇത്രയുംനാള്‍ പോറ്റി വളര്‍ത്തിയ മകനെ കൊന്ന് കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ജയ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

അടുക്കളയില്‍ സ്‌ളാബിന് മുകളില്‍ ഇരിക്കുകയായിരുന്നു ജിത്തു. കഴുത്തില്‍ ഷാള്‍ മുറുകിയപ്പോള്‍ താഴെ വീണു. പിന്നീടാണ് കൈയും കാലും വെട്ടിമാറ്റാന്‍ നോക്കിയത്. നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്പിലെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ജയമോള്‍ പറഞ്ഞു.

ചോദ്യം ചെയ്യുമ്പള്‍ ജയമോള്‍ക്ക് ഭാവവ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികളാണ് നല്‍കുന്നത്. അതേസമയം മകനും അമ്മയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പിതാവ് ജോബ് ജി ജോണും മോഴി നല്‍കിയിട്ടുണ്ട്. മകന്‍ ഭാര്യയോട് നിരന്തരം വഴക്കിട്ടിരുന്നുവെന്നും ജയ് മോള്‍ പെട്ടെന്ന് പ്രകോപിതയാകാറുണ്ടായിരുന്നെന്നും ജോബ് ജി ജോണ്‍ പറഞ്ഞു.

ആരും കളിയാക്കുന്നത് ജയമോള്‍ക്ക് ഇഷ്ടമല്ലായിരുന്നു. ആരെങ്കിലും കളിയാക്കിയാല്‍ ജയമോള്‍ അക്രമാസക്തയാകും. തന്നെ മകന്‍ കളിയാക്കിയെന്ന് ജയമോള്‍ പറഞ്ഞിരുന്നു. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്ക് വലിച്ചിട്ടുവെന്നാണ് ജയ തന്നോട് പറഞ്ഞതെന്ന് ജോബ് പറയുന്നത്.

കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി. ജോണിന്റെയും ജയമോളുടെയും മകന്‍ ജിത്തുജോബ് (14) ആണ് കൊല്ലപ്പെട്ടത്. കുണ്ടറഎം.ജി.ഡി ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ഇവരുടെ വീടിന്റെ പിന്‍ഭാഗത്തെ ആളൊഴിഞ്ഞ കുടുംബവീടിന്റെ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.

മൃതദേഹത്തിന്റെ രണ്ട് കരങ്ങളും ഛേദിക്കപ്പെട്ട നിലയിലായിരുന്നു. കാലുകള്‍ക്കും വെട്ടേറ്റിരുന്നെങ്കിലും അറ്റ് മാറിയിരുന്നില്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹം എടുത്തുകൊണ്ടുപോയി കുടുംബ വീടിനോട് ചേര്‍ന്ന പറമ്പില്‍ ഇട്ട് കത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 8.30 മുതലാണ് ജിത്തു ജോബിനെ കാണാതായത്. പഠന ആവശ്യത്തിന് സ്‌കെയില്‍ വാങ്ങാന്‍ കടയില്‍ പോയ ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കാട്ടി ബന്ധുക്കള്‍ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ വീടിന് സമീപത്ത് നിന്ന് ദേഹമാസകലം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയില്‍ പൊള്ളലേറ്റിരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.

വീഡിയോ കടപ്പാട്: മനോരമന്യൂസ്