ഗള്‍ഫ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്

single-img
18 January 2018

ഖത്തറിനെ ഒറ്റപ്പെടുത്തിയ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ചതുര്‍രാഷ്ട്ര സഖ്യം നിലപാട് കൈവിടാന്‍ ഇനിയും ഒരുക്കമില്ലെന്നറിഞ്ഞിട്ടും തങ്ങളുടെ നിലപാടിലും മാറ്റം വരുത്താത്ത ഖത്തര്‍ നടപടിയും തുടരവേ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ പുതിയ സംഭവ വികാസങ്ങളാണ് ഗള്‍ഫ് മഖലയെ കൂടുതല്‍ ആശങ്കക്കിടയാക്കുന്നത്.

ഇരു വിഭാഗവും ഇപ്പോഴും തങ്ങളുടെ ഭാഗങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇതിനിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ സങ്കീര്‍ണത ഏറുകയാണ്. യു എ ഇ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ രാജ കുടുംബാംഗത്തെ യു എ ഇ തടവിലാക്കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ യു എ ഇ ഇത് നിഷേധിക്കുകയും അത്തരം ഒരു സംഭവം ഇല്ലെന്നു അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഖത്തര്‍ അധീനതയിലുള്ള അല്‍ ജസീറ ചാനല്‍ തടങ്കലില്‍ ആക്കപ്പെട്ടെന്നു പറയപ്പെടുന്ന വ്യക്തിയുടെ വീഡിയോ സന്ദേശം കൂടി പുറത്തു വിടുകയും ചെയ്തു.

എന്നാല്‍, ഇതിന്റെ ആധികാരികത എത്രതോളമെന്നു വ്യക്തമായിട്ടില്ല. ഇതിനിടക്കാണ് തങ്ങളുടെ രണ്ടു യാത്രാ വിമാനങ്ങള്‍ ഖത്തര്‍ പോര്‍ വിമാനങ്ങള്‍ ആകാശത്ത് വെച്ച് തടഞ്ഞുവെന്ന വാര്‍ത്ത പുറത്തുവന്നത്. ചതുര്‍ രാഷ്ട്ര സഖ്യത്തില്‍പെട്ട ബഹ്‌റൈനില്‍ നിന്നും ദുബായിലേക്ക് പോയ വിമാനങ്ങളാണ് ഖത്തര്‍ തടഞ്ഞതെന്നാണ് യു എ ഇ ആരോപിക്കുന്നത്.

ഖത്തര്‍ നടപടിക്കെതിരെ ശക്തരായി രംഗത്തെത്തിയ യു എ ഇ തങ്ങളുടെ വിമാനത്തെയും യാത്രക്കാരെയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും നടപടികളും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
യു എ ഇ ജനറല്‍ ഏവിയേഷന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഉപരോധത്തിന് ശേഷം ഇതാദ്യമായി ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത് ഇരു വിഭാഗവും കൂടുതല്‍ കര്‍ക്കശമായ നിലപാടിലേക്ക് നീങ്ങുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, സംഭവത്തെക്കുറിച്ച് ചതുര്‍ രാഷ്ട്ര സഖ്യ രാജ്യങ്ങളെ നയിക്കുന്ന സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡിസംബറില്‍ ഖത്തര്‍ വ്യോമ അതിര്‍ത്തി തങ്ങള്‍ ലംഘിച്ചെന്ന ഖത്തര്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഖത്തര്‍ ആരോപണത്തിന് തെളിവുകള്‍ സഹിതം മറുപടി നല്‍കുമെന്നും യു എ ഇ വ്യക്തമാക്കിയിട്ടുണ്ട്.