താമസിച്ചെത്തിയതിനു അധ്യാപകന്‍ ശിക്ഷിച്ചു: പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു

single-img
18 January 2018


ചെന്നൈ പെരമ്പൂരില്‍ അധ്യാപകന്റെ ശിക്ഷയെ തുടര്‍ന്നു പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചതായി പരാതി. ചെന്നൈ തിരുവിക നഗര്‍ സ്വദേശി എം. നരേന്ദ്രന്‍(15) ആണു മരിച്ചത്. ബുധനാഴ്ച രാവിലെ സ്‌കൂളില്‍ താമസിച്ചെത്തിയതിനു നരേന്ദ്രന്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റിയില്ലെന്നും മൈതാനത്തിനു ചുറ്റും ഇരുന്നു നടക്കാന്‍ നിര്‍ബന്ധിച്ചെന്നും കടുത്ത വെയിലില്‍ ഏറെ നേരം ശിക്ഷയ്ക്കു വിധേയനായതാണു മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സ്‌കൂളിലെ സിസിടിവി പരിശോധിച്ചതില്‍നിന്നു താമസിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്കു പതിവായി ഇത്തരം കഠിന ശിക്ഷകള്‍ നല്‍കിയിരുന്നെന്നു തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവം വിവാദമായതോടെ സ്‌കൂളിലെ കായിക അധ്യാപകന്‍ ജയിന്‍ സിങ്ങിനെയും സ്‌കൂള്‍ പ്രധാനാധ്യാപകനെയും അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ഖേദമുണ്ടെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.എ. സെങ്കോട്ടയ്യന്‍ പറഞ്ഞു. എന്നാല്‍ അസംബ്ലി നടക്കുന്നതിനിടെയാണു നരേന്ദ്രന്‍ കുഴഞ്ഞു വീണതെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ താമസിച്ചെത്തിയതിനു സ്‌കൂളിലെ കായിക അധ്യാപകന്‍ കുട്ടിയെ സ്‌കൂള്‍ മൈതാനത്തിനു ചുറ്റും ഇരുന്നു നടക്കാന്‍ നിര്‍ദേശിച്ചിരുന്നതായും കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടെങ്കിലും അധ്യാപകന്‍ നല്‍കിയില്ലെന്നും അല്‍പസമയത്തിനുള്ളില്‍ നരേന്ദ്രന്‍ കുഴഞ്ഞു വീഴുകയായിരുന്നെന്നും സഹപാഠികള്‍ പറഞ്ഞു.