കാറില്‍ രാവിലെ ഇന്ധനം നിറച്ചാല്‍ മൈലേജ് കൂടുമോ?: മൈലേജ് കൂട്ടാന്‍ എന്തുചെയ്യണം

single-img
18 January 2018

കാറില്‍ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പല തെറ്റിധാരണകളും നമുക്ക് ചുറ്റുമുണ്ട്. കാറില്‍ രാവിലെ ഇന്ധനം നിറച്ചാല്‍ മൈലേജ് കൂടുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇത് തെറ്റായ ധാരണയാണെന്ന് ഫോഡിലെ മുതിര്‍ന്ന എന്‍ജിനീയര്‍ കോളിന്‍ ഹാര്‍ഡിങ് പറയുന്നു.

ചൂട് കൂടുന്നതിനനുസരിച്ച് പെട്രോള്‍ വികസിക്കുമെന്നതാണ് ഈ മിഥ്യാധാരണയുടെ പിന്നിലുള്ള തത്വം. ഇത് സത്യവുമാണ്. അതായത് തണുത്തിരുന്നാല്‍ നിങ്ങളുടെ ടാങ്കില്‍ കൂടുതല്‍ ഇന്ധനം നിറയും. എന്നാല്‍ യഥാര്‍ഥ വസ്തുതെന്താണെന്നു വെച്ചാല്‍, പെട്രോളിന്റെ സാന്ദ്രതയെ യാതൊരു തരത്തിലും ദിവസത്തിലെ വര്‍ധിക്കുന്ന ചൂട് ബാധിക്കാത്ത വിധമാണ് ഭൂമിക്കടിയിലുള്ള ടാങ്കില്‍ ഇന്ധനം സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ഇന്ധനം നിറയ്ക്കാമെന്ന് അദ്ദേഹം പറയുന്നു.

കുറഞ്ഞ ഇന്ധനത്തില്‍ വാഹനോടിച്ചാല്‍ എന്‍ജിന്‍ മോശമായ അല്ലെങ്കില്‍ ടാങ്കിന്റെ അടിയില്‍ അടിഞ്ഞു കൂടുന്ന മട്ട് വലിച്ചെടുക്കാനാരംഭിക്കുമെന്നതാണ് പൊതുവേയുള്ള തെറ്റിദ്ധാരണ. പക്ഷേ ടാങ്കിന്റെ അടിയില്‍ നിന്ന് ഇന്ധനം വലിച്ചെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് എന്‍ജിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അതായത് എന്‍ജിന് എപ്പോഴും ഇന്ധനം വലിച്ചെടുക്കാന്‍ കഴിയുമെന്നര്‍ഥം. പൊതുധാരണയ്ക്ക് വിരുദ്ധമായി ഇന്ധനം കുറവുള്ളപ്പോഴും ഇന്ധനം മുഴുവന്‍ നിറഞ്ഞിരിക്കുമ്പോഴും എന്‍ജിന്‍ വലിച്ചെടുക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തില്‍ വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം വ്യമാക്കി.

പ്രീമിയം ഇന്ധനം നിറച്ചാല്‍ നിങ്ങളുടെ നോണ്‍പ്രീമിയം കാറിനെ കൂടുതല്‍ മികച്ച രീതിയില്‍ ഓടിക്കാനാകുമെന്ന ധാരണയും തെറ്റാണെന്ന് ഹാര്‍ഡിങ് പറുന്നു. പമ്പിലെത്തുമ്പോള്‍ മുന്‍പത്തേക്കാളേറെ ഓപ്ഷനുകളുണ്ട് ഇപ്പോള്‍. പവര്‍, പ്രീമിയം പോലുള്ള വാക്കുകളും വിവിധ ഓയിലുകളും ലൂബ്രിക്കന്റുകളും നിലവിലുണ്ട്.

ഇവ നിറച്ചാല്‍ ഭ്രാന്തമായി ഓടിക്കാനാകുമെന്നാണ് കരുതുന്നത്. അത് ചിലപ്പോള്‍ വില കൂടിയതുമാകാം. എന്നാല്‍ അവ സാധാരണ ഇന്ധനത്തേക്കാള്‍ കൂടുതല്‍ തെളിഞ്ഞതോ ശുദ്ധമോ അല്ല. അവ വളരെ കുറച്ച് എരിഞ്ഞു തീരുന്നതും കരുത്തുറ്റ പെര്‍ഫോമന്‍സ് എന്‍ജിനുകള്‍ക്ക് ഗുണകരവുമാണ്. എന്നാല്‍ ഡെയ്‌ലി ഡ്രൈവിന് കാര്യമായ ഗുണമില്ല. എല്ലാത്തരം ഇന്ധനവും ഒരേ നിലവാരം പുലര്‍ത്തുന്നവയാണ്.

മൈലേജ് കൂട്ടാന്‍ എന്തുചെയ്യണം

നിങ്ങളുടെ എന്‍ജിന്‍ ട്യൂണ്‍ ചെയ്ത് വെക്കുക:

ശ്രദ്ധേയമാംവിധം ഔട്ട് ഓഫ് ട്യൂണ്‍ ആയതും പുക പരിശോധനയില്‍ പരാജയപ്പെടുന്നതുമായ വാഹനങ്ങളുടെ തകരാര്‍ പരിഹരിക്കുന്നത് ശരാശരി നാലു ശതമാനം വരെ ഇന്ധനക്ഷമത മെച്ചപ്പെടുത്തും. പക്ഷേ യഥാര്‍ഥ ബോണസ് ഇതാണ്: ശരിയായി പ്രവര്‍ത്തിക്കാത്ത ഓക്‌സിജന്‍ സെന്‍സര്‍ മാറ്റുന്നത് 40 ശതമാനത്തോളം മൈലേജ് വര്‍ധിപ്പിക്കും.

ടയറുകളില്‍ കൃത്യമായി കാറ്റു നിറയ്ക്കുക:

ശരിയായി കാറ്റു നിറച്ച ടയറുകള്‍ സുരക്ഷിതവും കൈകാര്യം ചെയ്യാന്‍ എളുപ്പവും ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതുമാണ്. ഓപ്പറേറ്റിംഗ് ടയര്‍ മര്‍ദ്ദം സാധാരണ ഡ്രൈവറുടെ ഡോറിനു സമീപത്തോ ഡോര്‍ പില്ലറിലോ ഗ്ലോവ് ബോക്‌സിനു സമീപമോ ഉള്ള സര്‍ട്ടിഫിക്കേഷന്‍ ലേബലില്‍ കാണാവുന്നതാണ്. ഓപ്പറേറ്റിംഗ് ടയര്‍ മര്‍ദ്ദത്തിനു മുകളില്‍ കാറ്റു നിറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ മര്‍ദ്ദമുണ്ടായാല്‍ അത് ട്രാക്ഷന്‍, ടയറിന്റെ ആയുസ് എന്നിവ കുറയ്ക്കും.

ശുപാര്‍ശ പ്രകാരമുള്ള ഗ്രേഡിലുള്ള മോട്ടോര്‍ ഓയില്‍ ഉപയോഗിക്കുക

ഉടമകള്‍ക്കുള്ള ഗൈഡില്‍ നിര്‍മ്മാതാക്കള്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ഗ്രേഡ് മോട്ടോര്‍ ഓയില്‍ ഉപയോഗിച്ചാന്‍ എന്‍ജിന്റെ ലൂബ്രിക്കേഷന്‍ സംവിധാനം സാധ്യമാകുന്നിടത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കും. തെറ്റായ ഗ്രേഡിലുള്ള ഓയില്‍ ഉപയോഗിച്ചാല്‍ ഇന്ധന ക്ഷമത രണ്ട് ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട്.

എല്ലാ ചെറിയ കാര്യങ്ങളും പ്രധാനമാണ്

മേല്‍പ്പറഞ്ഞ അറ്റകുറ്റപ്പണികള്‍ക്കൊപ്പം തേയ്മാനം സംഭവിച്ച ഫ്യുവല്‍ ഫില്‍റ്ററുകളും സ്പാര്‍ക്ക് പ്ലഗ്ഗുകളും മാറ്റാനും വീല്‍ അലൈന്‍മെന്റ് ശരിയാക്കാനും പുകക്കുഴലും പുക തള്ളല്‍ സംവിധാനവും പരിശോധിക്കാനും പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യന്‍മാര്‍ക്കു കഴിയും. ഇത്തരത്തിലുള്ള വാഹന അറ്റകുറ്റപ്പണി നടപടികളും ഡ്രൈവിങ് ശൈലിയും മൈലേജ് 25% വരെ വര്‍ധിപ്പിക്കും.

എ സി ഉപയോഗം

എയര്‍ കണ്ടീഷന്‍ കഴിവതും ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. ആവശ്യമില്ലാത്ത സമയങ്ങള്‍ എസി ഓഫാക്കി ഇടുക

ഗിയര്‍ ചെയിഞ്ചിംഗ്

എഞ്ചിന്‍ വേഗം കൂടുതല്‍ ഉയരുന്നതിനു മുമ്പ് അടുത്ത ഗിയറിലേക്ക് മാറ്റുക. അടിക്കടിയുള്ള ഗിയര്‍ മാറ്റങ്ങളും ഹാഫ് ക്ലച്ച്, ക്ലച്ചിലുള്ള നിരങ്ങല്‍ തുടങ്ങിയവ മൈലേജ് കുറയ്ക്കും

വേഗത

ദൂരയാത്രകളില്‍ കഴിവതും 50 60 കിലോമീറ്റര്‍ പരിധിയില്‍ വാഹനം ഓടിക്കുക. ക്രമേണ വേഗം ആര്‍ജ്ജിക്കുകയും അനുക്രമമായി കുറയ്ക്കുകയും ചെയ്യുന്ന ഡ്രൈവിംഗ് രീതി സ്വായത്തമാക്കുക

എഞ്ചിന്‍ പ്രവര്‍ത്തനം

ഒരു മിനിറ്റിലധികം നിര്‍ത്തേണ്ട ഇടങ്ങളിലും ട്രാഫിക്ക് സിഗ്‌നലുകളിലുമൊക്കെ എഞ്ചിന്‍ ഓഫ് ചെയ്യുക

ശാന്തമായ ഡ്രൈവിംഗ്

മൈലേജിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് ലളിതമായ ഡ്രൈവിംഗ്. പെട്ടെന്നുള്ള വേഗമെടുക്കലും ബ്രേക്കിംഗും ഗിയര്‍ ചെയിഞ്ചിംഗുമൊക്കെ മൈലേജ് മാത്രമല്ല വാഹനത്തിന്റെ ദീര്‍ഘായുസ് തന്നെ നഷ്ടപ്പെടുത്തും

മിടുക്കന്‍ ഡ്രൈവിംഗ്

പരമാവധി ഉയര്‍ന്ന ഫോര്‍ത്ത്, ഫിഫ്ത്ത് ഗിയറുകളില്‍ കഴിവതും 50 60 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ സമയം ഓടിക്കാനുള്ള മിടുക്കും ഇന്ധനക്ഷമത ഉയര്‍ത്തും