ആധാർ സുരക്ഷിതമാണോ?: കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി

single-img
17 January 2018

ആധാർ സുപ്രീം കോടതി

ആധാർ കേസിലെ അന്തിമ വാദം സുപ്രീം കോടതിയിൽ ആരംഭിച്ചു. ആധാർ കാർഡുകൾ വെരിഫിക്കേഷനുവേണ്ടിമാത്രമാണോ ഉപയോഗിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. എ.എം. ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ.

ആധാറിന്റെ സാധുതയെയും ആധാർ വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യതയെയും ലംഘിക്കുന്നുവെന്ന് കാണിച്ചുളള ഹർജികൾ പരിഗണിക്കുന്ന വേളയിലാണ് ആധാർ സുരക്ഷിതമാണോ എന്നതുൾപ്പെടെയുള്ള ഒരു കൂട്ടം ചോദ്യങ്ങൾ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ഉന്നയിച്ചത്.

ആധാർ തിരിച്ചറിയലിന് വേണ്ടി മാത്രമാണോ, ആധാർ ബിൽ പാർലമെന്റിന്റെ സ്‌റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നോ, മണി ബിൽ ആക്കിയതിനെ ചോദ്യം ചെയ്യാൻ കഴിയുമോ തുടങ്ങിയ ചോദ്യങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചത്.

രാജ്യത്തെ പൂർണമായും നിരീക്ഷണവലയത്തിലാക്കുന്ന ‘വമ്പൻ ഇലക്ട്രോണിക് വല’യാണ് ആധാറെന്ന് ഹർജിക്കാർ വാദിച്ചു. ഓരോ പൗരന്മാരന്റെയും സ്വകാര്യതയെ ലംഘിക്കുന്നതാണിത്. എല്ലാ ജനങ്ങളുടെയും അവകാശങ്ങളെ ലംഘിക്കുന്നതും. ജനങ്ങളുടെ ഭരണഘടന എന്നതു മാറി അധികാര സ്ഥാപനത്തിന്റെ ഭരണഘടന എന്ന നിലയിലേക്കു മാറാനും ആധാർ കാരണമാകും.

അതേസമയം സാമൂഹിക ക്ഷേമ പദ്ധതികള്‍ അര്‍ഹതപ്പെടുന്നവരില്‍ എത്തുന്നുവെന്ന് ഉറപ്പിക്കാന്‍ ആധാര്‍ എടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് അവകാശമില്ലേയെന്ന ചോദ്യം കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. കേസില്‍ വിശദമായ വാദം നടക്കുന്ന സമയത്ത് വിശദവിവരങ്ങള്‍ നല്‍കാമെന്നാണ് ഹര്‍ജിക്കാര്‍ മറുപടി നല്‍കിയത്.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന ആധാർ കേസിലെ വാദം നാളെയും തുടരും. സ്വകാര്യത സംരക്ഷിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യത ലംഘിക്കുന്നതാണ് ആധാർ എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

500 രൂപക്ക് ആരുടേയും ആധാർ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് ലഭ്യമാകുമെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് ആധാർ കേസിലെ അന്തിമവാദം ആരംഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണു. ട്രീബ്യൂണിൽ വന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വാർത്ത കണ്ടെത്തിയ ലേഖിക രചനക്കെതിരെ യുണീക് ഐഡൻറ്റിഫിക്കേഷൻ അതോറിറ്റി പരാതി നൽകിയിരുന്നു.

കേസില്‍ ആദ്യ വാദം ബുധനാഴ്ച പൂര്‍ത്തിയായി. കേസില്‍ വ്യാഴാഴ്ചയും വാദം തുടരും.

 

ആധാർ സുപ്രീം കോടതി