സൗദിയില്‍ വീണ്ടും നിതാഖാത്: ഒട്ടേറെ മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കും

single-img
17 January 2018

സൗദിയില്‍ വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം (നിതാഖാത്) വരുന്നു. മാര്‍ച്ച് 18നു ശേഷം ഈ മേഖലയില്‍ വിദേശ തൊഴിലാളികളുണ്ടാകരുതെന്നാണ് തൊഴില്‍ മന്ത്രാലയം ഉടമകള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. മലയാളികളടക്കം ആയിരക്കണക്കിനു വിദേശികളാണ് സൗദിയിലെ വാടക കാര്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്.

ഉടമകള്‍ ഭൂരിഭാഗവും സ്വദേശികളാണെങ്കിലും ഇടപാടുകളെല്ലാം നടത്തുന്നത് വിദേശ തൊഴിലാളികളാണ്. നേരിട്ട് സ്ഥാപനം നടത്തുന്ന പ്രവാസികളും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെയെല്ലാം തൊഴില്‍സാധ്യതകള്‍ ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. നിതാഖാത് നടപ്പാക്കാത്ത ഉടമകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

മൊബൈല്‍ ഷോപ്പുകള്‍ക്കും ജ്വല്ലറികള്‍ക്കും പിന്നാലെയാണ് സൗദിയില്‍ കാര്‍ വാടകയ്ക്കു നല്കുന്ന മേഖലയിലും നിതാഖാത് വരുന്നത്. അതിനിടെ നേരത്തേ പ്രഖ്യാപിച്ച നിതാഖാത് ജ്വല്ലറി രംഗത്ത് കര്‍ശനമാക്കാന്‍ നടപടികള്‍ തുടങ്ങി. സൗദിയിലെ ഏഴു മേഖലകളിലാണ് ജ്വല്ലറി രംഗത്തുനിന്ന് വിദേശികളെ ആദ്യം ഒഴിവാക്കുന്നത്.

ജസാന്‍, തബൂക്ക്, ഖാസിം, ബഹാ, നജ്‌റാന്‍, അസിര്‍, വടക്കന്‍ അതിര്‍ത്തി എന്നീ മേഖലകളിലെ വിദേശികളെ ജ്വല്ലറിമേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കും. ഇവിടങ്ങളില്‍ സ്വദേശി തൊഴിലാളികള്‍ക്കായി വിവിധ പരിശീലന പദ്ധതികളും നടത്തുന്നുണ്ട്.