സംഘപരിവാർ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ തൊഗാഡിയയുടെ പുസ്തകം- കാവിയുടെ പ്രതിഫലനങ്ങൾ: മുഖങ്ങളും മുഖംമൂടികളും

single-img
17 January 2018

തൊഗാഡിയയുടെ പുസ്തകംബി ജെ പി സർക്കാരുകൾ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ തന്റെ പുസ്തകം പൂർത്തിയാക്കുന്ന തിരക്കിലാണെന്ന് റിപ്പോർട്ടുകൾ. രാമ ജന്മഭൂമി വിവാദത്തെക്കുറിച്ചുള്ള തൊഗാഡിയയുടെ പുസ്തകം സംഘപരിവാർ രാഷ്ട്രീയത്തെയാകെ പിടിച്ചുലയ്ക്കാൻ പാകത്തിനുള്ളതാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

കാവിയുടെ പ്രതിഫലനങ്ങൾ: മുഖങ്ങളും മുഖംമൂടികളും (Saffron Reflections: Faces & Masks ) എന്നു പേരിട്ടിരിക്കുന്ന തൊഗാഡിയയുടെ പുസ്തകത്തിന്റെ  ഉള്ളടക്കത്തിന്റെ ഒരു വലിയ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണു ലക്ഷ്യം വെയ്ക്കുന്നതെന്നാണു റിപ്പോർട്ടുകൾ.

രാമജന്മഭൂമിയുടെ പേരിൽ നടന്ന പ്രക്ഷോഭങ്ങളും അതു ബി ജെ പി യെ രാഷ്ട്രീയമായി എങ്ങനെ സഹായിച്ചു എന്നും വിശദീകരിക്കുന്നതാണു പുസ്തകത്തിന്റെ ഉള്ളടക്കം. ഈ പ്രക്ഷോഭങ്ങളെ സഹായിച്ച ഹിന്ദുത്വ രാഷ്ട്രീയനേതാക്കളേയും ഇതിനെ ചൂഷണം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കിയവരേയും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

ഹിന്ദുത്വ പാർട്ടിയെന്ന ബിജെപിയുടെ അവകാശവാദം തകർക്കുന്നതാകും പുസ്തകത്തിലെ വെളിപ്പെടുത്തലുകളെന്നാണു സൂചന. കാൽനൂറ്റാണ്ടിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഹിന്ദുക്കളെ വഞ്ചിച്ചത് എങ്ങനെയെല്ലാം എന്നതാണു പ്രമേയം.

അയോദ്ധ്യയിൽ ബാബരി മസ്ജിദ് നിന്ന സ്ഥലത്തു രാമക്ഷേത്രമായിരുന്നുവെന്നും അതു പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ 1980-കളിൽ ആരംഭിച്ചതാണു രാമജന്മഭൂമി പ്രക്ഷോഭങ്ങൾ. രാജ്യവ്യാപകമായി നിരവധി കലാപങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും കാരണമായ ഈ വർഗ്ഗീയ പ്രക്ഷോഭം 1992 ഡിസംബർ ആറിനു ബാബരി മസ്ജിദ് തകർക്കുന്നതിലേയ്ക്കാണു നയിച്ചത്. രാജ്യവ്യാപകമായി സാമുദായിക് ധ്രുവീകരണം ഉണ്ടാക്കുക വഴി ബി ജെ പിയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊടുത്ത ക്യാമ്പയിൻ ആയിരുന്നു ഇത്.

ഇപ്പോഴും ‘മന്ദിർ വഹാം ബനായേംഗേ’ എന്നത് ബിജെപിയുടെ പ്രധാന ക്യാമ്പയിനുകളിൽ ഒന്നാണു. 2019-ലെ പൊതു തെരെഞ്ഞെടുപ്പിനു മുൻപായി പ്രസിദ്ധീകരിക്കപ്പെട്ടാൽ ബി ജെ പിയ്ക്ക് വലിയ ആഘാതങ്ങളേൽപ്പിക്കാൻ തക്കവണ്ണമുള്ള വെളിപ്പെടുത്തലുകൾ തൊഗാഡിയയുടെ പുസ്തകത്തിൽ ഉണ്ടെന്നാണു അറിയാൻ കഴിയുന്നത്.

നരേന്ദ്ര മോദിയും രാമജന്മഭൂമിയും

ഹിന്ദുത്വ രാഷ്ട്രീയം മുന്നിൽ നിർത്തി അധികാരത്തിൽ വന്ന നരേന്ദ്ര മോദി എങ്ങനെയാണു ഹിന്ദുക്കളെ വഞ്ചിച്ചതെന്ന് പുസ്തകം തുറന്നു കാട്ടുമെന്ന് തൊഗാഡിയയുടെ സഹായികൾ പറയുന്നു. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിട്ടും രാമക്ഷേത്രം നിർമ്മിക്കുവാനോ രാജ്യമൊട്ടാകെ ഗോവധം നിരോധിക്കുവാനോ തയ്യാറാകാത്ത മോദിയെ പുസ്തകത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മോദി തകരാറിലാക്കിയെന്നും അങ്ങനെ ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മോദിയ്ക്ക് ഒരു പൊന്മുട്ടയിടുന്ന താറാവിനെപ്പോലെ എല്ലാ തെരെഞ്ഞെടുപ്പുകളിലും ഉപയോഗിക്കാനുള്ള ഒരു വിഷയം മാത്രമാണു രാമജന്മഭൂമിയെന്നും തൊഗാഡിയ ആരോപിക്കുന്നു. രാമജന്മഭൂമി വിഷയം കത്തിച്ചു നിർത്തുവാൻ വേണ്ടിമാത്രമാണു ഉത്തർപ്രദേശിൽ തീവ്രഹിന്ദുത്വ ഐക്കൺ ആയ യോഗി ആദിത്യനാഥിനെ മോദി മുഖ്യമന്ത്രിയായി അവരോധിച്ചതെന്നും തൊഗാഡിയ പുസ്തകത്തിൽ ആരോപിക്കുന്നുണ്ട്.

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ പ്രവീൺ തൊഗാഡിയ യോഗിയെപ്പോലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തപ്പെടുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. നരേന്ദ്ര മോദിയും തൊഗാഡിയയും തമ്മിലുള്ള ശത്രുത ഗുജറാത്തിലെ പരസ്യമായ രഹസ്യമാണു.

തൊഗാഡിയയുടെ  പുസ്തകം രാജ്യത്തു രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) സർക്കാരിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഉന്നത ആർഎസ്എസ്–ബിജെപി നേതാക്കൾ ഉൾപ്പെട്ട രഹസ്യ ചർച്ചകളും ഒത്തുതീർപ്പു രാഷ്ട്രീയവുമൊക്കെ തുറന്നുകാട്ടുന്ന പുസ്തകം രണ്ടു മാസത്തിനകം പ്രസിദ്ധീകരിക്കാനാണു തൊഗാഡിയയുടെ പദ്ധതിയെന്നാണു റിപ്പോർട്ടുകൾ.

ബിജെപിക്കു വെല്ലുവിളിയാകുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതു തടയാനാണു തൊഗാഡിയയെ കേസുകളിൽ കുടുക്കി ജയിലിലിടാനുള്ള നീക്കമെന്നാണു വിഎച്ച്പി വൃത്തങ്ങൾ ആരോപിക്കുന്നത്.