വിധവയായ അമ്മയെ വിവാഹം കഴിപ്പിച്ചയച്ച മകള്‍

single-img
17 January 2018

അച്ഛന്റെ മരണശേഷം ഒറ്റയ്ക്കായ അമ്മയെ വിവാഹം കഴിപ്പിച്ചയച്ച് മകള്‍. സംഹിത അഗര്‍വാള്‍ എന്ന യുവതിയാണ് അമ്മ ഗീതാ ഗുപ്തയ്ക്ക് അനുയോജ്യനായ വരനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചയച്ചത്. ജയ്പ്പൂരാണ് ഹൃദയസ്പര്‍ശിയായ സംഭവം അരങ്ങേറിയത്.

കുടുംബത്തിന്റെയും സമൂഹത്തിന്റെയും എതിര്‍പ്പുകളെ മറികടന്നാണ് സന്‍ഹിത തന്റെ അമ്മയുടെ വിവാഹം നടത്തിയത്. അമ്മ ഗീത ഇനിയും കരഞ്ഞിരിക്കരുത്. ചിരിക്കണം, ജീവിതവുമായി മുന്നോട്ട് പോകണം. അത്രമാത്രമായിരുന്നു സന്‍ഹിതയുടെ ആഗ്രഹം.

രണ്ടുവര്‍ഷം മുമ്പാണ് ഈ അമ്മയേയും മകളെയും തനിച്ചാക്കി അച്ഛന്‍ വിടവാങ്ങിയത്. 52ാം വയസില്‍ ആ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു അച്ഛന്റെ വിയോഗം. മകള്‍ സംഹിത ജോലിക്കായി മറ്റൊരു നഗരത്തിലേക്ക് പോയതോടെ കാലത്തിനുപോലും മായ്ക്കാനാകാത്ത മുറിവായി അമ്മയുടെ സങ്കടം മാറി.

മൂത്തസഹോദരിയും വിവാഹിതയായതോടെ അമ്മ വിഷാദത്തിലേക്ക് പോയി. അമ്മയുടെ അവസ്ഥ കണ്ടുനില്‍ക്കാനാവാതെ മകള്‍ മുന്‍കൈയെടുത്ത് അമ്മയുടെ വിവാഹം നടത്തി. ഒറ്റപ്പെടലില്‍ താങ്ങാകാന്‍ അമ്മയുടെ താല്‍പര്യങ്ങള്‍ മനസിലാക്കുന്ന ഒരാളെ മകള്‍ തന്നെ മാട്രിമോണിയലിലൂടെ കണ്ടെത്തി.

‘അച്ഛന്റെ ഫോട്ടോക്ക് മുന്നില്‍ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളില്‍ നിന്ന് കൊണ്ടുപോയി എന്ന് ദൈവത്തോട് ചോദിക്കുന്ന അമ്മയെ ആണ് ദിനവും കണ്ടിരുന്നത്. ഉറക്കത്തില്‍നിന്നു ഞെട്ടിയെഴുനേറ്റ് അച്ഛന്‍ എവിടെ എന്ന് ചോദിക്കുമായിരുന്നു അമ്മ ‘ സംഹിത പറയുന്നു.

തുടക്കത്തില്‍ സ്വാഭാവികമായും സംഹിതയുടെ തീരുമാനത്തെ അമ്മ എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ വൈകാതെ അവള്‍ വിവാഹത്തിന്റെ ആവശ്യകതയെകുറിച്ചു അമ്മയെ ബോധ്യപ്പെടുത്തി. ‘ഈ ലോകത്തു എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്.

വാര്‍ധക്യത്തില്‍ തനിച്ചാകുമ്പോ ഒരു സഹായം വേണമെന്നു തോന്നുമ്പോള്‍ സമൂഹമോ ബന്ധുക്കളോ തിരിഞ്ഞു നോക്കാനുണ്ടാവില്ല. ആരൊക്കെ കൂടെ നിന്നാലും ഇല്ലെങ്കിലും പങ്കാളിയോളം പകരമാവില്ല. അച്ഛന്‍ നേരത്തെ പോയത് അമ്മയുടെ തെറ്റല്ല പക്ഷെ ജീവിതത്തിന് മറ്റൊരു അവസരം നല്‍കാത്തത് അമ്മയുടെ മാത്രം തെറ്റായിരിക്കും’ , സംഹിതയുടെ ഈ വാക്കുകളാണ് അമ്മയെ ഇരുത്തി ചിന്തിപ്പിച്ചത്.

അങ്ങനെ അമ്മക്ക് അനുയോജ്യനായ ഒരാളെത്തന്നെ സംഹിത കണ്ടെത്തി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.  അങ്ങനെ ആ മകള്‍ അമ്മയെ താന്‍ ആഗ്രഹിച്ചതുപോലെതന്നെ വിവാഹം കഴിപ്പിച്ചു. നല്ലകാലത്ത മുഴുവന്‍ മക്കള്‍ക്കായി ജീവിക്കുന്ന അച്ഛനമ്മമാരെ വാര്‍ധക്യത്തില്‍ തനിച്ചാക്കാതിരിക്കുക എന്നത് ഓരോ മക്കളുടെയും ഉത്തരവാദിത്തമാണെന്നും പറയുന്നു സംഹിത. അമ്മയ്ക്കു വേണ്ടി വ്യത്യസ്തമായി ചിന്തിച്ച ഈ മകള്‍ക്കു സമൂഹമാധ്യമത്തില്‍ നിറയെ അഭിനന്ദനപ്രവാഹമാണിപ്പോള്‍.