ദേഷ്യത്തോടെ പന്ത് വലിച്ചെറിഞ്ഞു; വിരാട് കോഹ്‌ലിക്ക് ശിക്ഷ

single-img
17 January 2018
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം റഫറിയോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിഴശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി ശിക്ഷിച്ചത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ ഒന്ന് കുറ്റമാണ് കോലിക്കെതിരെ ചുമത്തിയത്.
ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സിലെ 25ാം ഓവറിലായിരുന്നു കൊഹ്ലിയുടെ കലിപ്പടക്കൽ. മൂന്നാം സെഷനിലുണ്ടായ മഴ കാരണം ഔട്ട് ഫീൽഡ് നനഞ്ഞിരിക്കുന്ന കാര്യം കൊഹ്ലി അമ്പയർ മൈഖൽ ഗൗഫിനോട് പരാതിപറയുകയും ശേഷം രോഷത്തോടെ പന്ത് മൈതാനിയിലേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു.
പരാതി പറച്ചിലിന് ശേഷമുള്ള ഇന്ത്യൻ നായകന്റെ പ്രവർത്തി കളിയുടെ സ്പിരിറ്റിന് യോജിച്ചതല്ലെന്നാണ് ഐ.സി.സിയുടെ പ്രതികരണം. പിഴയടക്കാനുള്ള മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ച കൊഹ്ലിക്ക് ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ലഭിച്ചു.
രണ്ട് വർഷത്തിനുള്ളിൽ ഒരു താരത്തിന് നാലിൽ കൂടുതൽ ഡീമെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ അത് ഒരു സസ്‌പെൻഷൻ പോയിന്റിലേക്ക് വഴിമാറും. രണ്ട് സസ്‌പെൻഷൻ പോയിന്റുകൾ കിട്ടിയാൽ എന്നെന്നേക്കുമായി ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറയേണ്ടിയും വരും.