ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിനു വിമാനയാത്രികർ സാക്ഷി

single-img
17 January 2018

ഉത്തര കൊറിയയുടെ മിസൈൽഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിനു ഒരു വിമാനത്തിലെ യാത്രക്കാർ സാക്ഷികളായിരുന്നുവെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. കഴിഞ്ഞ നവംബറിൽ  സാൻഫ്രാൻസിസ്കോയിൽനിന്നു ഹോങ്കോങ്ങിലേക്കുള്ള വിമാനത്തിലെ യാത്രക്കാർ ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം കണ്ടുവെന്നാണു ടില്ലേഴ്സൺ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിമാന പാതയിൽ കാണാൻ സാധിക്കുന്ന തരത്തിൽ മിസൈൽ വിക്ഷേപിക്കുന്ന ഈ നടപടി കിം ജോങ് ഉന്നിന്റെ ഉത്തരവാദിത്തമില്ലായ്മയാണു കാണിക്കുന്നതെന്നും ടില്ലേഴ്സൺ ആരോപിച്ചു.

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം നടക്കുമ്പോൾ ഹോങ്കോങ് വിമാനം അതിന്റെ ആഘാതമേഖലയിൽനിന്ന് 280 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. അതേസമയം, മറ്റു ഒൻപതു വിമാനങ്ങൾ ഇതേ മേഖലയിലുണ്ടായിരുന്നുവെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചിട്ടുണ്ട്. പ്രതിരോധ വകുപ്പിന്റെ കണക്കുകളനുസരിച്ച് 716 വിമാനസർവീസുകളാണ് അതുവഴി കടന്നുപോകേണ്ടിയിരുന്നതെന്നും ടില്ലേഴ്സൺ പറയുന്നു. ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ  മിസൈല്‍ വിക്ഷേപണ പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധം ശക്തമാക്കണമെന്നും അദ്ദേഹം അമേരിക്കയ്ക്ക് വേണ്ടി സഖ്യരാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു.

എന്നാൽ ഏത് വിമാനത്തിലെ യാത്രക്കാരാണ് പരീക്ഷണ വിക്ഷേപണം കണ്ടതെന്ന് ടില്ലേഴ്‌സണ്‍ വ്യക്തമാക്കിയില്ല. അവരുടെ യാത്ര മറ്റേതെങ്കിലും വ്യോമപാതയിലൂടെ തിരിച്ചുവിട്ടോ എന്നും അദ്ദേഹം പറഞ്ഞില്ല.

ഗാർഡിയൻ റിപ്പോർട്ട്

എന്നാൽ ഇക്കഴിഞ്ഞ നവംബർ 29-നു സാൻഫ്രാൻസിസ്കോയിൽ നിന്നും ഹോങ്കോംഗിലേയ്ക്ക് പോയ കാഥേ പസഫിക് വിമാനക്കമ്പനിയുടെ CX893 വിമാനത്തിൽ നിന്നും ഉത്തരകൊറിയൻ മിസൈൽ ദൃശ്യമായതായി ഡിസംബർ നാലിനു ബ്രിട്ടൻ ആസ്ഥാന്മായ ഗാർഡിയൻ ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരകൊറിയയുടെ ഹ്വാസോംഗ്-15 മിസൈൽ ആണു ജപ്പാൻ തീരത്തിനടുത്തുവെച്ച് വിമാനത്തിൽ നിന്നും ദൃശ്യമായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാഥേ പസഫിക്കിന്റെ തന്നെ CX09 എന്ന കാർഗോ വിമാനം ഈ സമയം മിസൈലിനോട് കൂടുതൽ അടുത്തായിരുന്നുവെന്നു വിമാനക്കമ്പനി അധികൃതർ പറയുന്നു.

നവംബർ 29-നാണ് ജപ്പാനെ ലക്ഷ്യമിട്ടു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഉത്തരകൊറിയ പരീക്ഷിച്ചത്. 50 മിനിറ്റ് പറന്ന മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്സോങ്ങിൽനിന്നാണ് മിസൈൽ തൊടുത്തത്.

ഏതു സമയത്തും മിസൈൽ വിക്ഷേപിക്കുന്നതിനുള്ള ഉത്തര കൊറിയൻ ശ്രമം യുഎസിലെ എല്ലാ പൗരന്മാർക്കും ഭീഷണിയാണ്. മുൻപും ഉത്തരവാദിത്തത്തോടല്ലാതെ പ്രവർത്തിച്ചിട്ടുള്ളത് കണക്കിലെടുക്കുമ്പോൾ മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് അവർ മുന്നറിയിപ്പു നൽകാനുള്ള സാധ്യത കുറവാണെന്നും ടില്ലേഴ്സൺ പറയുന്നു.