ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നു

single-img
17 January 2018
ഏഴു മാസം പിന്നിട്ട ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നതായി റിപ്പോര്‍ട്ടുകള്‍. മനാമയിലേക്ക് യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനത്തിന്റെ പാതയില്‍ ഖത്തര്‍ വിമാനം തടസ്സം സൃഷ്ടിച്ചെന്ന യുഎഇ ആരോപണം ഭിന്നതക്ക് ആക്കം കൂട്ടിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഖത്തര്‍ നടപടിക്കെതിരെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സമിതിക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് യു.എ.ഇ അധികൃതര്‍. ഇതോടെ പ്രശ്‌നപരിഹാര നടപടികളും അനിശ്ചിതത്വത്തിലായി. നേരത്തെ യു.എ.ഇ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ക്കെതിരെ ഉപരോധ സാഹചര്യം സൃഷ്ടിച്ചതിന് ഖത്തര്‍ സമിതിക്ക് പരാതി നല്‍കിയതാണ്.
ഭിന്നത വര്‍ധിച്ചതോടെ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ഇരുകൂട്ടരും തയാറെടുക്കുകയാണ്. ഇത് ഗള്‍ഫ് താല്‍പര്യങ്ങള്‍ക്ക് വലിയ തോതില്‍ തിരിച്ചടിയാകും. ജി.സി.സി അംഗ രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ പല തലങ്ങളില്‍ ചര്‍ച്ച നടന്നുവെങ്കിലും കാര്യമായ വിജയം നേടാനായില്ല.
എങ്കിലും കുവൈത്തും ഒമാനും പ്രതീക്ഷ പൂര്‍ണമായും കൈവിട്ടിരുന്നില്ല. പുതിയ സംഭവവികാസത്തോടെ ഇരുവിഭാഗവും നിലപാട് കടുപ്പിക്കുകയാണ്. സൗദിയും ബഹ്‌റൈനും ഖത്തര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യു.എ.ഇക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.
ഖത്തര്‍ അതിര്‍ത്തിയിലൂടെ മനാമയ്ക്ക് പോവുകയായിരുന്ന എമിറേറ്റ്‌സ് വിമാനം പോര്‍വിമാനങ്ങളുപയോഗിച്ച് ഖത്തര്‍ തടഞ്ഞെന്നാണ് യുഎഇ ആരോപിച്ചത്. സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്ക് ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നലംഘനവുമാണ് ഖത്തര്‍ നടത്തിയതെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ വേിയേഷന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു. എന്നാല്‍ യുഎഇയുടെ വ്യോമറൂട്ടിലേക്ക് അതിക്രമിച്ച് കയറിയെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ തെറ്റാണെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി ലുവാ അല്‍ ഖാദര്‍ ട്വീറ്റ് ചെയ്തു.
തീവ്രവാദികളെ പിന്തുണയ്ക്കുന്നെന്നാരോപിച്ച് ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നാല് അറബ് രാജ്യങ്ങളിലൊന്നാണ് യുഎഇ. ജനുവരി ആദ്യം യുഎഇയുടെ പോര്‍വിമാനം ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചെന്നും ഖത്തറിന്റെ പോര്‍വിമാനങ്ങള്‍ തടഞ്ഞെന്നും കാണിച്ച് ഖത്തര്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് ഒരു പരാതി സമര്‍പ്പിച്ചിരുന്നു.