കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി: ദൃശ്യത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി മാറ്റി

single-img
17 January 2018

നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. അന്വേഷണം ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടക്കം തനിക്കെതിരായ തെളിവുകളുടെ മുഴുവൻ പകർപ്പും ആവശ്യപെട്ട് ദിലീപ് നൽകിയ ഹർജി ഈമാസം 22ലേക്ക് മാറ്റി. നടിയെ ആക്രമിച്ച് മുഖ്യപ്രതി സുനിൽ കുമാർ പകർത്തിയ ദൃശ്യങ്ങളും രണ്ടാം ഘട്ട കുറ്റപത്രത്തൊടൊപ്പം പോലീസ് ഹാജരാക്കിയ തെളിവുകളുടെ പകർപ്പുകളും വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.

വിചാരണയ്ക്ക് മുന്നോടിയായി ഈ തെളിവുകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നാണ് ഹ‍ർജിയിൽ പറയുന്നത്. നൂറിലേറെ രേഖകൾ ആവശ്യപ്പെട്ടാണ് ഹർജി. അതേസമയം ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന്‌ അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. ദൃശ്യങ്ങൾ ഏതെങ്കിലും തരത്തിൽ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇരയെ അപമാനിച്ച കേസ് ദുർബലമാക്കാനാണ് പ്രതിഭാഗത്തിന്‍റെ നീക്കമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

കേസിലെ നിര്‍ണായക തെളിവിനെതിരേ പുതിയ വാദമാണ് ദിലീപ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന വാദമാണ് ദിലീപ് ഉന്നയിച്ചത്. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം നല്‍കിയ കുറ്റപത്രത്തില്‍ നിന്നും അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ വ്യത്യാസമാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും പൊലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ട്. പ്രോസിക്യൂഷന്‍ പറഞ്ഞത് പോലെയല്ല അക്രമിക്കുന്ന ദൃശ്യങ്ങളും ഇതിലെ ശബ്ദവും. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഈ കുറ്റപത്രം നിരസിക്കണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നത്. ഇതു പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

നടി അക്രമിക്കപ്പെട്ട കേസിലെ തെളിവായ മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദത്തെപ്പറ്റിയും ദിലീപ് പരാതിപ്പെടുന്നു. മെമ്മറി കാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചില സമയങ്ങളില്‍ ഈ സ്ത്രീശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ചില നിര്‍ദേശങ്ങളാണ് സ്ത്രീ നല്‍കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് പോലീസ് ഒന്നാംപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു.

തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന്റെ പകര്‍പ്പോ രേഖകളോ നല്‍കിയിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ട് പോലും മറച്ചുവെച്ചതായും ദിലീപ് ആരോപിക്കുന്നു.