കാൽ നൂറ്റാണ്ടിനു ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക്

single-img
17 January 2018

എ ആര്‍ റഹ്മാന്‍ദുബായ്: കാൽ നൂറ്റാണ്ടിനു ശേഷം മലയാളത്തിലെത്തുകയാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ . ബെന്യാമിന്റെ പ്രശസ്തമായ ‘ആടുജീവിതം‘ നോവലിനെ ആസ്​പദമാക്കി അതേപേരില്‍ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തന്റെ മാന്ത്രിക സംഗീതവുമായി റഹ്മാന്‍ വീണ്ടുമെത്തുന്നത്.

മലയാളത്തില്‍ വീണ്ടുമെത്താന്‍ വൈകുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞത്. മലയാളത്തിലൂടെയാണ് സംഗീതസംവിധാന രംഗത്തെത്തിയതെന്നു പറഞ്ഞ റഹ്മാന്‍ ദക്ഷിണാമൂര്‍ത്തിയുള്‍പ്പെടെയുള്ള പ്രതിഭകളെ അനുസ്മരിച്ചു.

കാല്‍നൂറ്റാണ്ടത്തെ സംഗീതയാത്ര ജേര്‍ണി എന്ന പേരില്‍ ഈ മാസം 26ന് ദുബായ് പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ടിലാണ് ആഘോഷിക്കുക. 300 അടി വലിപ്പത്തില്‍ പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ വേദിയിയിലാണ് പരിപാടി നടക്കുക. ബ്രദേഴ്സ് ഇന്‍ കോര്‍പറേറ്റഡാണ് സംഗീതമേളയൊരുക്കുന്നത്.

ഇതിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് മലയാളത്തിലെത്തുന്ന കാര്യം പറഞ്ഞത്. എ ആര്‍ റഹ്മാന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത് സംഗീത് ശിവന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ യോദ്ധയിലാണ്. 1992-ലാണ് ഈ ചിത്രം ഇറങ്ങിയത്.