ഖാപ്പ് പഞ്ചായത്തുകൾ നിയവിരുദ്ധം: നിയന്ത്രിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

single-img
16 January 2018

ഖാപ്പ് പഞ്ചായത്തുകൾ
ഖാപ്പ് പഞ്ചായത്തുകൾ നിയമവിരുദ്ധമാണെന്നും നിയന്ത്രിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ തങ്ങൾക്ക് നേരിട്ട് ഇടപെടേണ്ടിവരുമെന്നും സുപ്രീം കോടതി. മിശ്രവിവാഹിതർക്ക് നേരേ നടക്കുന്ന ഖാപ് പഞ്ചായത്ത് ആക്രമണങ്ങൾ തികച്ചും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി പ്രസ്താവിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണു ഖാപ് പഞ്ചായത്ത് വിഷയത്തിൽ കേന്ദ്രസർക്കാരിനു നേരേ രൂക്ഷമായ വിമർശനമുന്നയിച്ചത്. മുതിർന്ന സ്​ത്രീയും പുരുഷനും വിവാഹിതരാകാൻ തീരുമാനിച്ചാൽ അത്​ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല. ഇവരെ വിളിച്ചുവരുത്താനോ എതിര്‍നടപടികള്‍ സ്വീകരിക്കാനോ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ദുരഭിമാനക്കൊലയടക്കമുള്ള ഇത്തരം കേസുകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

ഗ്രാമങ്ങളിൽ സമുദായനേതാക്കളുടെയോ ഗ്രാമത്തലവന്മാരുടേയോ നേതൃത്വത്തിൽ സമാന്തര സർക്കാരുകളെപ്പോലെ പ്രവർത്തിക്കുന്ന സംവിധാനമാണു ഖാപ് പഞ്ചായത്ത്.  ഖാപ് പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ സിവിൽ, ക്രിമിനൽ ചട്ടങ്ങൾ ഉണ്ടാക്കുന്നതും നടപ്പിൽ വരുത്തുന്നതും ഈ സമാന്തരസർക്കാർ സംവിധാനമാണു. പ്രണയിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്മാറ്റുന്നതുമുതൽ മിശ്രവിവാഹിതരെ കൊലപ്പെടുത്തുന്നതുവരെയുള്ള നിയമവിരുദ്ധ അക്രമപ്രവർത്തനങ്ങൾ ഖാപ് പഞ്ചായത്തുകളുടേതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഖാപ് പഞ്ചായത്തുകളെ നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് നിയമ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ചില സംസ്ഥാന സർക്കാരുകളുടെ നയത്തെ അനുകൂലിക്കുന്ന ഉദാസീന നിലപാടാണു സ്വീകരിച്ചതെന്ന് സുപ്രീം കോടതി ഇക്കാര്യം പഠിക്കുന്നതിനായി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ കോടതിയെ അറിയിച്ചു.

പ്രസ്തുത വിഷയത്തിൽ  സുപ്രീം കോടതിയുടെ അപെക്സ് ബഞ്ച് ഖാപ് പഞ്ചായത്തുകളുടെ വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. നയം രൂപീകരിക്കുന്നതിനായി ശക്തി വാഹിനി എന്ന എൻ ജി ഓയുടെയും അമിക്കസ് ക്യൂറിയുടെയും അഭിപ്രായം അപെക്സ് കോടതി ആരാഞ്ഞിരുന്നു. ശക്തി വാഹിനി 2010-ൽ നൽകിയ ഹർജ്ജി പരിഗണിച്ചാണു ഖാപ് പഞ്ചായത്തുകളുടെ അക്രമങ്ങൾ സുപ്രീം കോടതി പരിശോധിക്കുവാൻ ആരംഭിച്ചത്.

ഖാപ് പഞ്ചായത്തുകൾ സ്ത്രീകൾക്കു നേരെ നടത്തുന്ന അക്രമങ്ങളും അടിച്ചമർത്തലുകളും തടയാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടതി ആവശ്യപ്പെട്ടിരുന്നു. ഖാപ് പഞ്ചായത്തുകൾ ഏറ്റവും ശക്തമായ ഹരിയാനയിലെ രോഹ്തക്, ജിന്ദ് എന്നീ ജില്ലകളിലേയും ഉത്തർപ്രദേശിലെ ഭാഘ്പത് ജില്ലയിലേയും പോലീസ് മേധാവിമാരെ കോടതി വിളിച്ചുവരുത്തിയിരുന്നു.

ഖാപ് പഞ്ചായത്തുകൾ മിശ്രവിവാഹിതരുടെ നേരേ നടത്തുന്ന ആക്രമണങ്ങളിൽ നിന്നും അവരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തിയില്ലെങ്കിൽ അതിനായി സുപ്രീം കോടതി നയരൂപീകരണം നടത്തുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ജസ്റ്റിസുമാരായ എ എൻ ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങൾ.