സുപ്രീം കോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല

single-img
16 January 2018

സുപ്രീംകോടതിയിലെ പ്രതിസന്ധി തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്ത്. പ്രശ്‌നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എജി പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് എജി ഇക്കാര്യം സൂചിപ്പിച്ചത്.

കോടതിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നും പ്രതിസന്ധികള്‍ക്ക് വിരാമമായെന്നും എജി വ്യക്തമാക്കിയെന്ന് തിങ്കളാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശനമുന്നയിച്ച നാല് ജഡ്ജിമാരെയും ചീഫ് ജസ്റ്റീസ് കാണുമെന്നും എജി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇത് ഉണ്ടാകാതിരുന്നതോടെയാണ് രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് എജി വീണ്ടും മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, വാര്‍ത്താസമ്മേളനം വിളിച്ച ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ക്കെതിരെ ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതിഷേധം അറിയിച്ചു.

ദീപക് മിശ്രയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ പതിവുപോലെ ഒത്തുകൂടിയപ്പോഴായിരുന്നു പ്രതിഷേധം. ജഡ്ജിമാരുടെ പ്രസ്താവന ജൂനിയര്‍ ജഡ്ജിമാര്‍ കഴിവുകെട്ടവാരാണെന്ന ധാരണ പരത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ജെ.ചെലമേശ്വറിനോടാണ് അരുണ്‍ മിശ്ര ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ചീഫ് ജസ്റ്റിസ് പ്രതികരിക്കാതെ മൗനം പാലിച്ചു.

സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഫുള്‍ കോര്‍ട്ട് (എല്ലാ ജഡ്ജിമാരുടെയും യോഗം) വിളിക്കണമെന്ന് ആദ്യം മുതല്‍തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് ചീഫ് ജസ്റ്റിസ് തയാറായിട്ടില്ല. ഏതാനും ദിവസം കൂടി കാത്തിരുന്ന ശേഷം പ്രതിഷേധം ശക്തമാക്കുന്നതിനാണ് വിമര്‍ശിച്ച ജഡ്ജിമാരുടെ നീക്കമെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

എജിക്കു പുറമെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും അഞ്ചു ജഡ്ജിമാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ തുടര്‍ന്നാല്‍ ജനാധിപത്യം തകരുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.