ആരുമറിയാതെ മുങ്ങിയത് പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന് വിവരം ലഭിച്ചപ്പോൾ: പ്രവീൺ തൊഗാഡിയ

single-img
16 January 2018

പ്രവീൺ തൊഗാഡിയ വ്യാജ ഏറ്റുമുട്ടൽതാൻ ഓഫീസിൽ നിന്നും ആരുമറിയാതെ പുറത്തു പോയത്, തന്നെ പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ഒരാൾ വിവരം നൽകിയതിനെത്തുടർന്നാണെന്ന്  വിശ്വഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ.

ഇന്നലെ രാവിലെ മുതൽ കാണാനില്ലായിരുന്ന തൊഗാഡിയയെ പിന്നീട് അഹമ്മദാബാദിലെ ഷാഹിബാഗ് പാർക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് ഉടൻതന്നെ അഹമ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതിനാലാണു (ഹൈപ്പോഗ്ലൈസീമിയ) അദ്ദേഹം അബോധാവസ്ഥയിലായതെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്നു കാര്യങ്ങൾ വിശദീകരിക്കാൻ തൊഗാഡിയ തന്നെ പ്രസ്സ് മീറ്റ് വിളിക്കുകയും മാധ്യമങ്ങൾക്കു മുൻപിലെത്തുകയുമായിരുന്നു.വെളുത്ത പൈജാമയും കുർത്തയുമണിഞ്ഞ് കയ്യിൽ ഡ്രിപ്പുമായി ഒരു വീൽ ചെയറിലാണു മാധ്യമങ്ങളെ അദ്ദേഹം  കാണാനെത്തിയത്

“ഇന്നലെ ഞാൻ പൂജ ചെയ്തുകൊണ്ടു നിൽക്കുമ്പോൾ ഒരാൾ വന്ന് എന്നെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ പോലീസിനു പദ്ധതിയുണ്ടെന്നറിയിച്ചു.” തൊഗാഡിയ പറഞ്ഞു.

Read Also: പോസ്റ്ററിൽ മോദി രാവണൻ; രാഹുൽ രാമൻ: കോൺഗ്രസ്സ് നേതാവിനെതിരെ കേസ്

തന്നെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ പോലീസ് ഗുജറാ‍ത്തിലെത്തിയിട്ടുണ്ടെന്നറിഞ്ഞ താൻ ഉറ്റൻ തന്നെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത ശേഷം തൽതേജിലുള്ള ഒരു വി എച്ച് പി പ്രവർത്തകന്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു എന്നാണു തൊഗാഡിയ പറയുന്നത്. തന്റെ അറസ്റ്റ് വലിയ കുഴപ്പങ്ങൾക്ക് വഴിവെയ്ക്കുമെന്നറിയാവുന്നതുകൊണ്ടാണു താൻ ഇപ്രകാരം ചെയ്തത്.

“ രാജസ്ഥാനിലും ഗുജറാത്തിലുമുള്ള എന്റെ എല്ലാ അഭിഭാഷകരേയും ഞാൻ വിളിച്ചു. അവരെല്ലാം എന്നെ ഉപദേശിച്ചത് കോടതിയിൽ കീഴടങ്ങാനാണു. ജയ്പ്പൂരിലേയ്ക്ക് പോകുവാനായി എയർപ്പോർട്ടിലെത്താൻ ഞാൻ തീരുമാനിച്ചു. പക്ഷേ പോകുന്ന വഴിയിൽ കോതർപൂരിൽ വെച്ച് ഞാൻ കുഴഞ്ഞുവീണു. പിന്നീടെനിക്കൊന്നും ഓർമ്മയില്ല. കയ്യിൽ ഒരു ഷോൾ മാത്രം വെച്ചുകൊണ്ടാണു ഞാൻ പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ നോക്കി എന്നിവർ പറയുന്നത്.” വിശദീകരിക്കുന്നതിനിടയിൽ തൊഗാഡിയ വികാരഭരിതനാകുകയും വിങ്ങിപ്പൊട്ടുകയും ചെയ്തു.

 

പത്തു വർഷത്തോളം പഴക്കമുള്ള ഒരു കേസിന്റെ പേരിലാണു തന്നെ ലക്ഷ്യമിടുന്നത്. തന്റെ ശബ്ദം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം.

തൊഗാഡിയയെ ഒരു കേസുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാരോപിച്ച്  വി എച്ച് പി  പ്രവർത്തകർ സോലാ പോലീസ് സ്റ്റേഷനു നേരേ ആക്രമണം നടത്തുകയും സർഖേജ്-ഗാന്ധിനഗർ ഹൈവേ ഉപരോധിക്കുകയും ചെയ്തിരുന്നു.

എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പഴയൊരു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ സോല സ്റ്റേഷനിൽ നിന്നുള്ള പൊലീസ് തിങ്കളാഴ്ച രാവിലെ വിഎച്ച്പി ആസ്ഥാനത്തെത്തിയെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

2015-ൽ രാജസ്ഥാനിലെ ഗംഗാപ്പൂരിൽ വെച്ചുനടത്തിയ ഒരു വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണു പ്രവീൺ തൊഗാഡിയയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 188 ( സർക്കാർ ചുമതലപ്പെടുത്തിയ ജീവനക്കാരന്റെ ഉത്തരവ് അനുസരിക്കാതിരിക്കുക) പ്രകാരം ഗംഗാപ്പൂർ സെഷൻസ് കോടതിയാണു തൊഗാഡിയയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

പ്രവീണ്‍ തൊഗാഡിയയെ നരേന്ദ്ര മോദി വേട്ടയാടുകയാണെന്ന് വിഎച്ച്പി ആരോപിക്കുന്നു. വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തൊഗാഡിയയെ പുറത്താക്കാൻ ആര്‍എസ്എസ് പിന്തുണയോടെ മോദിയടക്കമുള്ളവര്‍ ശ്രമം നടത്തിയിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചില ബിജെപി സ്ഥാനാർഥികളെ തോൽപ്പിക്കാൻ തൊഗാഡിയ ശ്രമിച്ചതായി നരേന്ദ്ര മോദി തെളിവുകൾ സഹിതം ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന്, വിഎച്ച്പി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു തൊഗാഡിയയെ നീക്കണമെന്ന മോദിയുടെ ആവശ്യം ആർഎസ്എസ് നേതൃത്വം അംഗീകരിച്ചെങ്കിലും ഭുവനേശ്വറിൽ നടന്ന വി എച്ച് പി സമ്മേളനത്തിൽ തൊഗാഡിയ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്.