പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കം: വിവാദം ശക്തമാകുന്നു

single-img
16 January 2018

ഓറഞ്ച് നിറംപാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തെച്ചൊല്ലി വിവാദം ശക്തമാകുന്നു. ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്‌പോര്‍ട്ടിലെ നിറം മാറ്റം കുടിയേറ്റ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നാണു മുഖ്യ ആരോപണം.

നിലവില്‍, ഇസിആര്‍ ആവശ്യമുള്ളവര്‍ക്കും ആവശ്യമില്ലാത്തവര്‍ക്കും (ഇസിഎന്‍ആര്‍) പാസ്‌പോര്‍ട്ടിന് ഒരേ നിറമാണ്. എന്നാല്‍, പാസ്‌പോര്‍ട്ടിലെ നിറം മാറ്റം എമിഗ്രേഷന്‍ പരിശോധനകള്‍ക്കു സഹായകമാകുമെന്നാണു സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം.

Read Also: ജസ്റ്റിസ് ലോയയുടെ മകന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നില്‍ അമിത് ഷാ?

പാസ്‌പോര്‍ട്ടുകളുടെ അവസാന പേജില്‍ ചേര്‍ത്തു വന്നിരുന്ന വിവരങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പാസ്‌പോര്‍ട്ട് മേല്‍വിലാസത്തിനു തെളിവായി ഉപയോഗിക്കാന്‍ കഴിയാതെയാവും. പാസ്‌പോര്‍ട്ടിലെ വിവേചനത്തിനെതിരെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.

ബിജെപിയുടെ വിവേചന മനോഭാവമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഒരു വിഭാഗം പൗരന്മാരെ താഴ്ത്തിക്കെട്ടാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിദേശയാത്രയില്‍ പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയാണു പാസ്‌പോര്‍ട്ട്. പേര്, പൗരത്വം, ജനനത്തീയതി, സ്ഥലം, വിലാസം തുടങ്ങിയ വിവരങ്ങളെല്ലാം പാസ്‌പോര്‍ട്ടില്‍ ഉണ്ടാവും. വിദേശകാര്യ വകുപ്പാണു പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്നത്. നിലവില്‍ മൂന്നുതരം പാസ്‌പോര്‍ട്ടുകളാണ് ഇന്ത്യയിലുള്ളത്.

നേവിബ്ലു, മെറൂണ്‍, വെള്ള എന്നീ മൂന്നു നിറങ്ങളിലാണ് ഇന്ത്യയിലെ പാസ്‌പോര്‍ട്ടുകള്‍. റെഗുലര്‍ പാസ്‌പോര്‍ട്ട് നേവിബ്ലൂ നിറത്തിലായിരിക്കും. വിനോദ, ബിസിനസ് യാത്രകള്‍ക്കു നല്‍കുന്നതാണ് സാധാരണ പാസ്‌പോര്‍ട്ട്.

മെറൂണ്‍ നിറത്തിലുള്ള ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നതാണ്. വെള്ള നിറത്തലുള്ളതാണ് ഒഫീഷ്യല്‍ പാസ്‌പോര്‍ട്ട്. ഔദ്യോഗിക യാത്രാ ആവശ്യത്തിനു സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു നല്‍കുന്നതാണിത്.