മധ്യപ്രദേശിൽ പദ്മാവത് സിനിമയിലെ ഗാനത്തിനു കുട്ടികൾ ഡാൻസ് ചെയ്തതിനു കർണ്ണിസേന സ്കൂൾ ആക്രമിച്ചു

single-img
16 January 2018

കർണ്ണിസേനവിവാദമായ പദ്മാവത് സിനിമയിലെ ഗാനത്തിനു വിദ്യാർത്ഥികൾ നൃത്തം ചെയ്തതിന്റെ പേരിൽ ചെയ്തതിനു രാജ്പുത് കർണ്ണിസേന സ്കൂളിലെ വാർഷികാഘോഷപരിപാടിയിൽ  ആക്രമണം നടത്തി. മധ്യപ്രദേശിലെ രത്ലാമിനടുത്ത് ജവോറയിലെ  സെന്റ് പോൾ കോൺവെന്റ് സ്കൂളിലാണ് കർണ്ണിസേന ആക്രമണം നടത്തിയത്.

ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികളാണ് സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ പദ്മാവത് സിനിമയിലെ ഗൂമർ ഗാനത്തിന് നൃത്തം ചെയ്തത്. ഇതിൽ പ്രകോപിതരായ കർണിസേന പ്രതിഷേധവുമായി സ്കൂളിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമികൾ കസേരകളും ലൌഡ് സ്പീക്കറുകളും അടിച്ചു തകർത്തു.  സംഭവത്തിൽ ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു.

ആക്രമണവുമായി ബന്ധപ്പെട്ട് സമീപത്തുള്ള ഭഗത് സിംഗ് കോളേജിലെ നാലു വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കർണ്ണിസേന അംഗങ്ങളാണെന്ന് പോലീസ് പറയുന്നു.

Read More:  മധ്യപ്രദേശിനും രാജസ്ഥാനും പിന്നാലെ ഹരിയാനയും പദ്മാവത് റിലീസ് വിലക്കി

ആക്രമണത്തിൽ ആർക്കും സാരമായി പരിക്കേറ്റിട്ടില്ലെന്ന് രത്ലാം ജില്ലാ പോലീസ് സൂപ്രണ്ട് അമിത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമികൾ ഡാൻസ് പരിപാടി കഴിഞ്ഞ് ഏകദേശം ഒരുമണിക്കൂറിനു ശേഷമാണ് സ്കൂളിലെത്തി അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം അറിയിച്ചു. ഇവർക്കെതിരെ അതിക്രമിച്ചു കടക്കൽ, കലാപമുണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്ത് കേസ് ചാർജ്ജ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

പദ്മാവത് വിവാദം

മേവാറിലെ രജപുത്ര റാണിയായിരുന്ന പദ്മാവതി (റാണി പദ്മിനി)യുടെ   ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത  സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ച്​ രാജ്പുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു​. റാണി പദ്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നായിരുന്നു കർണി സേനയുടെ പ്രധാന ആരോപണം.

ഇതോടെ 2017ഡിസംബർ ഒന്നിനു നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് മാറ്റി. പ്രതിഷേധങ്ങൾ ശക്തമായതോടെ സിനിമയുടെ പേര് പദ്മാവത് എന്നാക്കി മാറ്റുകയും ചെയ്തു. പ്രതിഷേധങ്ങളെല്ലാം മറികടന്ന് ജനുവരി 25 ന് പദ്മാവത് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനിടെയാണു പുതിയ വിവാദങ്ങൾ.