കാണാതായ തൊഗാഡിയയെ അബോധാവസ്ഥയിൽ പാർക്കിൽ കണ്ടെത്തി

single-img
16 January 2018

തൊഗാഡിയ അബോധാവസ്ഥകാണാതായ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയയെ ഒരു പാർക്കിൽ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികൾ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ അഹമ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതിനാലാണു (ഹൈപ്പോഗ്ലൈസീമിയ) അദ്ദേഹം അബോധാവസ്ഥയിലായതെന്ന് ചന്ദ്രമണി ആശുപത്രിയുടെ ഡയറക്ടർ രൂപ് കുമാർ അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴും അദ്ദേഹം അർദ്ധബോധാവസ്ഥയിലാണെന്നും ആളുകളെ തിരിച്ചറിയാൻ തുടങ്ങിയിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

തൊഗാഡിയയെ ഒരു കേസുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാരോപിച്ച്  വി എച്ച് പി  പ്രവർത്തകർ സോലാ പോലീസ് സ്റ്റേഷനു നേരേ ആക്രമണം നടത്തുകയും സർഖേജ്-ഗാന്ധിനഗർ ഹൈവേ ഉപരോധിക്കുകയും ചെയ്തിരുന്നു.

എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പഴയൊരു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ സോല സ്റ്റേഷനിൽ നിന്നുള്ള പൊലീസ് തിങ്കളാഴ്ച രാവിലെ വിഎച്ച്പി ആസ്ഥാനത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.

തൊഗാഡിയ പോലീസിന്റെ കസ്റ്റഡിയില്‍ ഇല്ലെന്ന് ഭരത്പുര്‍ റേഞ്ച് ഐ.ജി അലോക് കുമാര്‍ വസിഷ്ഠ വ്യക്തമാക്കിയിരുന്നു.

Read Also: ഹഗ്‌പ്ലോമസി : മോദിയുടെ ‘ആലിംഗന നയതന്ത്ര‘ത്തെ പരിഹസിച്ച് കോൺഗ്രസ്സ് വീഡിയോ

2015-ൽ രാജസ്ഥാനിലെ ഗംഗാപ്പൂരിൽ വെച്ചുനടത്തിയ ഒരു വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണു പ്രവീൺ തൊഗാഡിയയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 188 ( സർക്കാർ ചുമതലപ്പെടുത്തിയ ജീവനക്കാരന്റെ ഉത്തരവ് അനുസരിക്കാതിരിക്കുക) പ്രകാരം ഗംഗാപ്പൂർ സെഷൻസ് കോടതിയാണു തൊഗാഡിയയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

അതേസമയം തൊഗാഡിയ, അഹമ്മദാബാദ് സിറ്റിയിലെ പൽദിയിലുള്ള വി എച്ച് പി ഓഫീസിനു മുന്നിൽ നിന്നും രാവിലെ 10:45-നു ഒരു താടിക്കാരനോടൊപ്പം ഒരു ഓട്ടോറിക്ഷയിൽ കയറി എങ്ങോട്ടോ പോയതാണെന്ന് തൊഗാഡിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.