ജസ്റ്റിസ് ലോയയുടെ മകന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നില്‍ അമിത് ഷാ?: എല്ലാ കാര്യവും എല്ലാവരും അറിയട്ടെയെന്ന് സുപ്രീംകോടതി

single-img
16 January 2018

അമിത് ഷാ

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മകന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നില്‍ ബി ജെ പി അദ്ധ്യക്ഷൻ അമിത് ഷാ ആണെന്ന് ആക്ഷേപം ഉയരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് മകന്‍ അനൂജ് വാര്‍ത്താസമ്മേളനം നടത്തി മരണത്തില്‍ സംശയമില്ലെന്ന് പറഞ്ഞതെന്ന് ലോയയുടെ സുഹൃത്ത് അഡ്വ. ബല്‍വന്ദ് യാദവ് പറഞ്ഞു.

കാലങ്ങളായി തനിക്ക് ആ കുടുംബത്തെ അറിയാം. അമിത് ഷായെ രക്ഷിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ് അവരെ ഇപ്പോള്‍ നിശബ്ദരാക്കിയതെന്ന് ബല്‍വന്ദ് പറഞ്ഞു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുളള ഒരു അന്വേഷണം വേണം.

Read Also: ഖാപ്പ് പഞ്ചായത്തുകൾ നിയവിരുദ്ധം: നിയന്ത്രിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു മാത്രമല്ല 2014 ഡിസംബറില്‍ അദ്ദേഹം മരണപ്പെടാന്‍ കാരണമായ എല്ലാ സംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ബല്‍വന്ദ് ആവശ്യപ്പെട്ടു. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അനൂജ് പിതാവിന്റെ മരണത്തില്‍ സംശയമില്ലെന്ന് പറഞ്ഞതെന്ന് അമ്മാവന്‍ ശ്രീനിവാസ് ലോയയും ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് അനൂജ് വാര്‍ത്താസമ്മേളനം നടത്തി ലോയയുടെ മരണത്തെക്കുറിച്ച് സംസാരിച്ചത്. ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അനുജ് ലോയ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കുടുംബത്തിന് യാതൊരു സംശയവും ഇല്ല, പക്ഷേ തങ്ങളെ ചിലര്‍ ഇരകളാക്കുകയും പീഡിപ്പിക്കുകയാണെന്നും അനുജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ശൈഖ് ഏറ്റുമുട്ടല്‍ കേസ് വിചാരണ നടത്തിവന്ന ജഡ്ജി ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ എന്ത് രഹസ്യ സ്വഭാവമാണുള്ളതെന്ന് സൂപ്രീംകോടതി ചോദിച്ചു. ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ റിപ്പോര്‍ട്ടും രഹസ്യ സ്വഭാവമുള്ളതാണെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ അറിയിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ പ്രതികരണം.

എല്ലാ കാര്യവും എല്ലാവരും അറിയട്ടെയെന്നായിരുന്നു അരുണ്‍ മിശ്രയുടെ പ്രതികരണം. രേഖകള്‍ പ്രതിഭാഗത്തിന് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചപ്പോഴാണ് ഹരീഷ് സാല്‍വേ ഇത് രഹസ്യ സ്വഭാവമുള്ളതാണെന്ന് ബോധിപ്പിച്ചത്.
ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ ശാന്തനഗൗഡര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തന്നെയാണ് ഇന്ന് പരിഗണിച്ചത്.

ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ റിപ്പോര്‍ട്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് ഏഴുദിവസത്തെ സമയം നല്‍കി. മുതിര്‍ന്ന ജഡ്ജിമാരെ തഴഞ്ഞ് ഈ കേസ് 10ാം നമ്പര്‍ കോടതിയുടെ പരിഗണനക്ക് വിട്ടതാണ് നീതിപീഠത്തിലെ കലാപത്തിന് വഴിമരുന്നിട്ടത്.

നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയ വെള്ളിയാഴ്ചയാണ് കേസ് ഈ ബെഞ്ചിലെത്തിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയിരുന്നു. എന്നാല്‍, ജസ്റ്റിസ് ശാന്തനഗൗഡര്‍ അവധിയായിരുന്നതിനാല്‍ തിങ്കളാഴ്ചയും പരിഗണിച്ചില്ല. മുതിര്‍ന്ന ജഡ്ജിമാരുടെ പ്രതിഷേധം മുന്‍നിര്‍ത്തി കേസ് മറ്റൊരു ബെഞ്ചിനെ ഏല്‍പിക്കുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

അതേസമയം, ഈ കേസില്‍ ഇനി സുപ്രീംകോടതിയില്‍ വാദംകേള്‍ക്കല്‍ വേണ്ടിവരില്ലെന്ന് ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ മനന്‍കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടു. പ്രത്യേകാന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. കൂടുതല്‍ ദ്രോഹിക്കരുതെന്നും ദുരൂഹതയുള്ളതായി കരുതുന്നില്ലെന്നും ജഡ്ജിയുടെ മകന്‍തന്നെ പറഞ്ഞുകഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.