മോദി സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി

single-img
16 January 2018

ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 700കോടി രൂപ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. പകരം ഈ പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.

സബ്‌സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2012ലാണ് ഇത് സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2022ഓടെ സബ്‌സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നായിരുന്നു ഉത്തരവ്.

ഇതിന്റെ ചുവടുപിടിച്ചാണ് നാലുവര്‍ഷം ബാക്കി നില്‍ക്കെ ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയത്. അതേസമയം, 1.70 ലക്ഷം തീര്‍ഥാടകരെ തീരുമാനം ബാധിക്കും. കേരളത്തില്‍നിന്ന് പ്രതിവര്‍ഷം 10,981 പേരാണ് ഹജിനു പോയിരുന്നത്.

ഹജ് യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്കു നല്‍കുന്ന സബ്‌സിഡിയാണ് ഹജ് സബ്‌സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്. മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടല്‍ കേന്ദ്രത്തില്‍നിന്നുള്ള വിമാനക്കൂലിക്കാണ് സബ്‌സിഡി ലഭിക്കുന്നത്. കപ്പല്‍യാത്രയെക്കാള്‍ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സര്‍ക്കാര്‍ സഹായം എന്ന നിലയില്‍ 1974ല്‍ ഇന്ദിരാഗാന്ധിയാണ് സബ്‌സിഡിക്ക് തുടക്കമിട്ടത്.