പോസ്റ്ററിൽ മോദി രാവണൻ; രാഹുൽ രാമൻ: കോൺഗ്രസ്സ് നേതാവിനെതിരെ കേസ്

single-img
16 January 2018

മോദി രാവണൻപ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനായും കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാമനായും ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററിന്റെ പേരിൽ ഉത്തർപ്രദേശിൽ കോൺഗ്രസ്സ് നേതാവിനെതിരെ കേസെടുത്തു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ ഗൌരിഗഞ്ച് റെയിൽവേ സ്റ്റേഷനു മുന്നിലാണു വിവാദ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കോൺഗ്രസ്സ് നേതാവായ രാമ ശങ്കർ ശുക്ലയ്ക്കെതിരെയാണു ഉത്തർപ്രദേശ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ബി ജെ പി നേതാവായ സൂര്യപ്രകാശ് തിവാരിയുടെ പരാതിയിന്മേലാണു നടപടി.

ഇക്കഴിഞ്ഞ ഡിസംബർ 14-നു രാഹുൽ ഗാന്ധിയുടെ അമേഠി സന്ദർശനത്തിനു തൊട്ടു മുൻപായിട്ടാണു പോസ്റ്റർ സ്ഥാപിക്കപ്പെട്ടത്. പോസ്റ്ററിൽ മോദിയെ രാവണനായും രാഹുൽ ഗാന്ധിയെ മോദിയ്ക്കു നേരേ വില്ലുകുലച്ചു നിൽക്കുന്ന രാമനായുമാണു ചിത്രീകരിച്ചിരുന്നത്.

രാഹുൽ ഗാന്ധി രാമന്റെ അവതാരമാണെന്നും 2019-ലെ പൊതു തെരെഞ്ഞെടുപ്പിൽ രാവണനായ മോദിയെ പരാജയപ്പെടുത്തി  അദ്ദേഹം രാമരാജ്യം സ്ഥാപിക്കുമെന്നുമാണു പോസ്റ്ററിൽ ചിത്രത്തിനു താഴെ എഴുതിയിരുന്നത്.

എന്നാൽ രാമ ശങ്കർ ശുക്ലയ്ക്ക് ഈ പോസ്റ്ററുമായി ഒരു ബന്ധവുമില്ലെന്ന് ജില്ലാ കോൺഗ്രസ്സ് നേതൃത്വം പറയുന്നു.

അഭയ് ശുക്ല എന്ന തദ്ദേശവാസിയായ ഒരാൾ ആണു പോസ്റ്റർ സ്ഥാപിച്ചതെന്നാണു റിപ്പോർട്ടുകൾ. അഭയ് ശുക്ലയ്ക്ക് കോൺഗ്രസ്സ് പാർട്ടിയുമായ്യി ബന്ധമൊന്നുമില്ലെന്നാണു കോൺഗ്രസ്സ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

വർഷങ്ങളായി കോൺഗ്രസ്സ് തുടർച്ചയായി ജയിക്കുന്ന മണ്ഡലമാണു അമേഠി. ഒന്നോ രണ്ടോ തവണയൊഴികെ എല്ലാ തവണയും ഇവിടെ കോൺഗ്രസ്സ് ആണു ജയിച്ചിട്ടുള്ളത്. രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവർ പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണിത്.