കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം അബുദാബി മലയാളി സമാജത്തില്‍ നാടകത്തിന്റെ അരങ്ങുണര്‍ന്നു: പ്രേക്ഷകരെ കയ്യിലെടുത്ത് ‘ഒരു ദേശം നുണ പറയുന്നു’

single-img
16 January 2018

കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം അബുദാബി മലയാളി സമാജത്തില്‍ നാടകത്തിന്റെ അരങ്ങുണര്‍ന്നു. ഈ മാസം പതിനെട്ട് വരെ നീളുന്ന നാടകോല്‍സവത്തില്‍ ഒമ്പത് നാടകങ്ങളാണ് അരങ്ങിലെത്തുക. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളി സമാജത്തിലേക്ക് നാടകം തിരികെയെത്തിയപ്പോള്‍ പ്രവാസി മലയാളികള്‍ ഇരു കൈയും നീട്ടിയാണ് വരവേറ്റത്.

തിയേറ്റര്‍ ദുബായുടെ ഇയാഗോ ആയിരുന്നു ഉദ്ഘാടന നാടകം. നാടക മഹോത്സവത്തിന്റെ ആറാം ദിനമായ ഇന്നലെ യുവകലാസാഹിതി അബുദാബി അവതരിപ്പിച്ച ‘ഒരു ദേശം നുണ പറയുന്നു’ നാടക പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. അതിജീവനത്തിനായി നുണ പറയേണ്ടിവരുന്ന ഒരു ജനതയെ അവതരിപ്പിക്കുകയായിരുന്നു ഈ നാടകത്തിലൂടെ.

പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ എ. ശാന്തകുമാര്‍ രചന നിര്‍വഹിച്ച നാടകം സംവിധാനം ചെയ്തത് ഷൈജു അന്തിക്കാടാണ്. പ്രണയത്തെ മതപൗരോഹിത്യവും സമൂഹവും എത്രമാത്രം ഭയപ്പെടുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ‘ഒരു ദേശം നുണ പറയുന്നു’ എന്ന സാമൂഹിക നാടകം.

ഇസ്ലാം, കിസ്ത്യന്‍ മതങ്ങളില്‍പ്പെട്ട രണ്ടുപേര്‍ വിവാഹിതരാവുന്നത് പ്രമേയമായ നാടകം വിവാദത്തില്‍പ്പെടുന്നതോടെ നാടകത്തിന്റെ കഥ തന്നെ മാറ്റേണ്ടി വരുന്ന ദുരവസ്ഥയാണ് ‘ഒരു ദേശം നുണ പറയുന്നു’ നാടകം പറയുന്നത്. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി ഒരു ദിവസം ഒരു നുണയെങ്കിലും പറയാതെ മലയാളിക്ക് ജീവിക്കാനാവില്ലെന്നും ഈ നാടകം സമര്‍ഥിക്കുന്നു.

സഫാന്‍, ഷെരീഫ് ചേറ്റുവാ, ദേവി അനില്‍, ഷാഹിദാനി വാസു തുടങ്ങിയ കലാകാരന്മാരാണ് നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.