സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളായി;ഇ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അമീന്‍ പ്രസിഡന്റ്,സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാന്‍,ഷാജന്‍ സ്‌കറിയ ജനറല്‍ സെക്രട്ടറി, മുജീബ് കളനാട് ട്രഷറര്‍

single-img
16 January 2018

 

സെബാസ്റ്റ്യന്‍ പോള്‍,അമീന്‍,ഷാജന്‍ സ്‌കറിയ,അബ്ദുല്‍ മുജീബ്

തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്റർ സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനാണ്. ഇ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അമീന്‍ പുതിയ പ്രസിഡണ്ടായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പുതിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അബ്ദുല്‍ മുജീബ് ആണ് ട്രഷറര്‍.

വിന്‍സന്റ് നെല്ലിക്കുന്നേൽ,അജയ് മുത്താന,ഷാജി ജോണ്‍

വൈസ് പ്രസിഡണ്ടായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സന്റ് നെല്ലിക്കുന്നേലിനെയും, ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), ഷാജി ജോണ്‍ (മെട്രോ മാറ്റിനി) എന്നിവരെയും തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കെ വാര്‍ത്ത), സുഹൈല്‍ (ഡൂള്‍ ന്യൂസ്), സോയ്മോന്‍ മാത്യു(മലയാളി വാര്‍ത്ത), വിജേഷ് (ഈസ്റ്റ്കോസ്റ്റ് ഡെയ്ലി), ബിനു ഫല്‍ഗുനന്‍ (വണ്‍ ഇന്ത്യ), ഷബീര്‍ (ബിഗ് ന്യൂസ് ലൈവ്), കെ. ബിജ്നു (കേരള ഓണ്‍ലൈന്‍ ന്യൂസ്), കെ കെ ശ്രീജിത് (ട്രൂ വിഷന്‍ ന്യൂസ്), ഷാജി (എക്‌സ്പ്രസ് കേരള).

ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് വെച്ച് മന്ത്രിമാരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന പ്രമുഖരെ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. മലയാളി വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ സോയ്മോന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കി. പുതിയ ഓണ്‍ലൈന്‍ മീഡിയ രജിസ്ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ പിആര്‍ഡിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. സംഘടനയില്‍ അംഗത്വത്തിനായി പുതുതായി അപേക്ഷിച്ച അഞ്ച് ഓണ്‍ലൈന്‍ പത്രങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കമ്മിറ്റിയെയും യോഗം നിയമിച്ചു.

 

കോം ഇന്ത്യയുടെ പുതിയ വെബ്സൈറ്റിന് രൂപം നല്‍കാന്‍ വണ്‍ ഇന്ത്യ മലയാളത്തിലെ ഷിനോദ് എടക്കാടിനെ ചുമതലപ്പെടുത്തി.

ഇ വാര്‍ത്ത, ഡൂള്‍ ന്യൂസ്, സത്യം ഓണ്‍ലൈന്‍, ട്രൂ വിഷന്‍, എക്‌സ്പ്രസ് കേരള, ഗ്രാമജ്യോതി, മറുനാടന്‍ മലയാളി, മലയാളി വാര്‍ത്ത, വണ്‍ ഇന്ത്യ മലയാളം, ന്യൂസ് മൊമന്റ്‌സ്, സൗത്ത് ലൈവ്, കെവാര്‍ത്ത, കാസര്‍കോട് വാര്‍ത്ത, വൈഗ ന്യൂസ്, മെട്രോ മാറ്റിനി, ബിഗ് ന്യൂസ് ലൈവ്, മലയാളം ഇ- മാഗസിന്‍, പത്രം ഓണ്‍ലൈന്‍, അഴിമുഖം, ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലി, ഏഷ്യന്‍ ഗ്രാഫ്, കേരള ഓണ്‍ലൈന്‍ ന്യൂസ് എന്നിവയാണ് സംഘടനയിലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍.

ദിവസേന കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തിൽ ഓഫീസും രണ്ട് എഡിറ്റോറിയൽ ജീവനക്കാരടക്കം മൂന്ന് ജീവനക്കാരും ഉള്ള പോർട്ടലുകൾക്ക് മാത്രമാണ് കോം ഇന്ത്യയിൽ അംഗത്വം നൽകുന്നത്. ഈ യോഗ്യത ഉള്ള ന്യൂസ് പോർട്ടലുകൾക്ക് അംഗത്വത്തിനായി ചുവടെ കൊടുത്തിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്. വേണ്ടത്ര പരിശോധനകൾക്ക് ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ യോഗ്യതയുള്ളവർക്ക് കോം ഇന്ത്യയിൽ പ്രവേശനം നൽകും.

ഇ-മെയിൽ വിലാസം:- [email protected]