ഇരുന്നൂറില്‍ അധികം രാജ്യങ്ങളുടെ വ്യത്യസ്തങ്ങളായ നാണയ സ്റ്റാമ്പ് ശേഖരം: അബുദാബിയില്‍ കൗതുകമുണര്‍ത്തി മലപ്പുറം സ്വദേശി

single-img
16 January 2018

ഇരുന്നൂറില്‍ അധികം രാജ്യങ്ങളുടെ വ്യത്യസ്തങ്ങളായ നാണയ സ്റ്റാമ്പ് ശേഖരണത്തിലൂടെ കൗതുകമുണര്‍ത്തുകയാണ് അംജദ്. പിതാവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നാണയത്തിന്റെയും, സ്റ്റാമ്പുകളുടെയും അപൂര്‍വ ശേഖരം സ്വന്തമായുള്ള അബുദാബിയില്‍ ജോലി ചെയുന്ന ചങ്ങരംകുളം സ്വദേശിയായ അംജദ് റഹ്മാനെ പരിചയപ്പെടാം.

 

 

ഇന്ത്യയുടേയും യു.എ.ഇയുടേതുള്‍പ്പെടെ ഇരുന്നൂറില്‍ പരം രാജ്യങ്ങളുടെ അത്യപൂര്‍വ്വ നാണയ സ്റ്റാമ്പ് ശേഖരണമാണ് അംജദിന്റെ കൈവശമുള്ളത്. മുന്‍ പ്രവാസിയായ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മൂക്കുതല മാളിയേക്കല്‍ അബ്ദു റഹിമാന്റെ മകനാണ് ഈ അമൂല്യ ശേഖരവുമായി ശ്രദ്ധയാകര്‍ഷിക്കുന്നത്. അച്ഛന്‍ അദ്ബുറഹിമാന്റെ നാണയസ്റ്റാമ്പ് ശേഖരണം കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അംജദ് ഈ ശേഖരണം തുടങ്ങിയത്.

അബുദാബിയില്‍ ജോലി ചെയ്യുന്ന അംജദ് രണ്ടായിരത്തി പതിനൊന്നു മുതലാണ് ശേഖരണം തുടങ്ങിയത്. ഇരുനൂറ്റി മുപ്പത് രാജ്യങ്ങളുടെ അത്യപൂര്‍വ നാണയങ്ങളും നൂറ്റി ഇരുപത് രാജ്യങ്ങളിലെ സ്റ്റാംപുകളുമാണ് അംജദിന്റെ ശേഖരത്തെ സവിശേഷമാക്കുന്നത്. കാശ്മീര്‍, ദല്‍ഹി എന്നീ നാട്ടിലെ സുല്‍ത്താന്‍മാരുടെയും പുതുക്കോട്ടെ, ബറോഡ, ഹൈദരാബാദ്, ഭഗല്‍പൂര്‍, നാഗാസ്, ഗ്വാളിയോര്‍, ബിക്‌നയില്‍, തിരുവിതാങ്കൂര്‍ തുടങ്ങിയ നിരവധി നാട്ടുരാജാക്കന്മാരുടെയും ഭരണത്തിലറങ്ങിയ നാണയങ്ങള്‍ അംജദിന്റെ ശേഖരത്തില്‍ മുഖ്യ ആകര്‍ഷണമാണ്.

1966 ല്‍ ദുബൈയും ഖത്തറും സംയുക്തമായി പുറത്തിറക്കിയ 50 ദിര്‍ഹത്തിന്റെ ഒറ്റനാണയവും യു.എ.ഇ ഗവണ്മെന്റ് ഹിജ്‌റ 1400 ആം വാര്‍ഷീകത്തിന്റെ ഭാഗമായി 1981 ല്‍ പുറത്തിറക്കിയ അഞ്ച് ദിര്‍ഹത്തിന്റെ ഒറ്റനാണയവും അംജദിന്റെ അപൂര്‍വ്വ ശേഖരത്തിലുണ്ട്. യു.എ.ഇ യുടെ തന്നെ ഒരു ഫില്‍സ് മുതലുള്ള പഴയതും പുതിയതുമായ എല്ലാ നാണയങ്ങളും ഈ യുവാവിന്റെ പക്കലുണ്ട്. ഉപ്പയുടെ പ്രചോതനത്തിനു പുറമെ ഭാര്യയുടെയും,സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണയും അംജദിനുണ്ടായിരുന്നു.

ഇന്ത്യാ അധിനിവേശ സമയത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയ ആദ്യ കാല നാണയങ്ങളും അംജദിന്റെ പക്കലുണ്ട്. ജോര്‍ജ് അഞ്ചാമന്റെയും ആറാമന്റെയും ചിത്രങ്ങളോടുകൂടിയ അപൂര്‍വ്വ വെള്ളി നാണയങ്ങളും ശേഖരണത്തിലുണ്ട്. തിരുവിതാംകൂര്‍ രാജാവ് ബാല വര്‍മ്മയുടെ കാലത്ത് മലയാളം അക്ഷരം ലേപനം ചെയ്ത ഒരു കാശ് മുതല്‍ ഒരു ചക്രം വരെയുള്ള നാണയങ്ങളും റിപ്പബ്ലിക്കിന് ശേഷം ഇന്ത്യാ ഗവണ്മെന്റ് ആദ്യമായി പുറത്തിറക്കിയ നാണയങ്ങളും മെല്ലാം അംജദ് സ്വന്തമാക്കി.

ഇപ്പോള്‍ നിലവില്‍ ഇല്ലാത്ത രാജ്യങ്ങളായ യു.എസ്.എസ്,ആര്‍,ഈസ്റ്റ് ജര്‍മനി തുടങ്ങിയവയുടെയും, കടലില്‍ രണ്ടു തൂണുകളില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം എന്ന് അവകാശപ്പെടുന്ന സീലാണ്ട് പ്രിന്‍സിപ്പലിന്റെ സ്റ്റാമ്പും നാണയവുമെല്ലാം അംജദിന്റെ കൈവശമുണ്ട്. ശേഖരണത്തിന്റെ കൗതുകത്തില്‍ ഇന്ത്യയുടെ മൈ സ്റ്റാമ്പ് എന്ന പ്രക്രിയയിലൂടെ സ്വന്തം ചിത്രം പതിച്ച സ്റ്റാന്പ് കയ്യില്‍ ലഭിച്ചതും അംജദിന്റെ സ്വപ്ന സാഫല്യങ്ങളില്‍ ഒന്നാണ്.അത്യപൂര്‍വ നാണയസ്റ്റാന്പ് ആവിശ്യപ്പെട്ടുകൊണ്ട് നിരവധിപേര്‍ അംജദിനെ തേടി വരാറുമുണ്ട്. ഏകദേശം 6 ലക്ഷം രൂപ ഈ ശേഖരണത്തിനായി അംജദ് ചിലവാക്കിയിട്ടുണ്ട്.

ഓരോ രാജ്യത്തിന്റെ ചരിത്രവും,സംസ്‌ക്രിതിയുമെല്ലാം മനസിലാക്കിയതിനു ശേഷമാണ് അംജദ് സ്വന്തമാക്കുക.നാണയസ്റ്റാമ്പ് ശേഖരണം അംജദിന് വെറും കൗതുകം മാത്രമല്ല ലോക ചരിത്രം മനസിലാക്കുവാനും, മറ്റുള്ളവര്‍ക്ക് മഹാന്മാരേയും, രാജ്യങ്ങളെയുമെല്ലാം ഈ വിനോദത്തിലൂടെ അറിവ് പകര്‍ന്നു കൊടുക്കുവാനും കൂടിയാണ്.ഇപ്പോള്‍ നിലവില്‍ ഇല്ലാത്ത ആഫ്രിക്കന്‍ രാജ്യമായ ബിയാഫ്ര യുടെ നാണയമാണ് അംജദിന്റെ അടുത്ത ലക്ഷ്യം. ജോലി തിരക്കിനിടയിലും സമയം കണ്ടെത്തി ചരിത്രം പറയുന്ന തന്റെ ശേഖരണത്തെ സമ്പന്നമാക്കാന്‍ ഉള്ള യാത്രയിലാണ് അംജദ് എന്ന ചങ്ങരംകുളകാരന്‍..