ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല: മരണശേഷവും ഉഴവൂര്‍ വിജയനെ വിമര്‍ശിച്ച് മാണി സി കാപ്പന്‍

single-img
16 January 2018

മാണി സി കാപ്പന്‍ഉഴവൂര്‍ വിജയനെ ജോക്കര്‍ എന്ന് വിളിച്ച് ആക്ഷേപിച്ച് വീണ്ടും എന്‍സിപി നേതാവ് മാണി സി കാപ്പന്‍. ഒരാള്‍ മരിച്ചെന്നു കരുതി അയാളോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നു പറഞ്ഞ കാപ്പന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിജയനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കാപ്പന്‍ ഇങ്ങനെ തുറന്നടിച്ചത്.

ഇപ്പോഴത്തെ പ്രസിഡന്റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താല്‍പര്യം മാത്രം നോക്കിയാണ് ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയെ നയിച്ചത്. ഉഴവൂര്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി. വിജയനെ പുറത്താക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്നും മാണി സി കാപ്പന്‍ തുറന്നടിച്ചു.

ഉഴവൂര്‍ വിജയന്‍ നിത്യരോഗിയായിരുന്നു. ആരെങ്കിലും തെറിപറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോ എന്നാണ്, വിജയനെ ഫോണില്‍ വിളിച്ച് കൊലവിളി നടത്തിയ പാര്‍ട്ടി സംസ്ഥാന നേതാവിനെ ന്യായീകരിച്ച് മാണി സി കാപ്പന്‍ ചോദിക്കുന്നത്.

പാര്‍ട്ടി പ്രസിഡന്റിനെതിരെ സംസ്ഥാന നേതാവ് തന്നെ നടത്തിയ കൊലവിളിയെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന ട്രഷററും തോമസ്ചാണ്ടി പക്ഷത്തെ പ്രമുഖനുമായ മാണി.സി.കാപ്പന്‍ ഇതിനെയെല്ലാം ന്യായീകരിച്ച് രംഗത്തെത്തിയത്.

എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസിക പീഡനമെന്ന ആരോപണം ശക്തമായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതാവ് സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത് വിജയനെ തളര്‍ത്തിയിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.