വി എച്ച് പി നേതാവ് പ്രവീൺ തൊഗാഡിയയെ കാണ്മാനില്ല: അഹമ്മദാബാദിൽ പോലീസ് സ്റ്റേഷനു നേരെ വി എച്ച് പി ആക്രമണം

single-img
15 January 2018

തൊഗാഡിയയെ കാണ്മാനില്ലവിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വർക്കിങ് പ്രസിഡന്റ്  പ്രവീൺ തൊഗാഡിയയെ കാണ്മാനില്ല. തിങ്കളാഴ്ച മുതൽ തൊഗാഡിയയെ കാണ്മാനില്ല എന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഹമ്മദാബാദിൽ വി എച്ച് പി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. Z-കാറ്റഗറി സുരക്ഷയുള്ള  നേതാവാണു പ്രവീൺ തൊഗാഡിയ.

തൊഗാഡിയയെ ഒരു കേസുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണു വി എച്ച് പി  പ്രവർത്തകർ ആരോപിക്കുന്നത്. പോലീസ് ഇതു നിഷേധിക്കുന്നു. അക്രമാസക്തരായ പ്രവർത്തകർ സോലാ പോലീസ് സ്റ്റേഷനു നേരേ ആക്രമണം നടത്തുകയും സർഖേജ്-ഗാന്ധിനഗർ ഹൈവേ ഉപരോധിക്കുകയും ചെയ്തു.

രാജസ്ഥാനിൽ നിന്നുള്ള പോലീസ് സംഘം തൊഗാഡിയയെ അറസ്റ്റ് ചെയ്യുന്നതിനായി വാറന്റുമായി സോല പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി സ്റ്റേഷനിലെ പോലീസുകാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അവർ തൊഗാഡിയയുടെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. രാജസ്ഥാൻ പോലീസോ സോലാ സ്റ്റേഷനിലെ പോലീസുകാരോ തൊഗാഡിയയെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.

Read Also: ഹഗ്‌പ്ലോമസി : മോദിയുടെ ‘ആലിംഗന നയതന്ത്ര‘ത്തെ പരിഹസിച്ച് കോൺഗ്രസ്സ് വീഡിയോ

2015-ൽ രാജസ്ഥാനിലെ ഗംഗാപ്പൂരിൽ വെച്ചുനടത്തിയ ഒരു വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണു പ്രവീൺ തൊഗാഡിയയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 188 ( സർക്കാർ ചുമതലപ്പെറ്റുത്തിയ ജീവനക്കാരന്റെ ഉത്തരവ് അനുസരിക്കാതിരിക്കുക) പ്രകാരം ഗംഗാപ്പൂർ സെഷൻസ് കോടതിയാണു തൊഗാഡിയയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. സാവോയ് മാധോപ്പൂർ ജില്ലയിലാണു ഗംഗാപ്പൂർ താലൂക്ക് ഉൾപ്പെടുന്നത്.

അതേസമയം തൊഗാഡിയ, അഹമ്മദാബാദ് സിറ്റിയിലെ പൽദിയിലുള്ള വി എച്ച് പി ഓഫീസിനു മുന്നിൽ നിന്നും രാവിലെ 10:45-നു ഒരു താടിക്കാരനോടൊപ്പം ഒരു ഓട്ടോറിക്ഷയിൽ കയറി എങ്ങോട്ടോ പോയതാണെന്ന് തൊഗാഡിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു.

രാജസ്ഥാൻ പൊലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്തതായി വിഎച്ച്പി വക്താവ് ജയ് ഷാ ആരോപിച്ചു. അഹമ്മദാബാദിലെ വിഎച്ച്പി ആസ്ഥാനത്തു നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നും ജയ് ഷാ പറഞ്ഞു. 

എന്നാൽ തൊഗാഡിയ അറസ്റ്റിലാണെന്നത് വെറും അഭ്യൂഹമാണെന്നും ഭരത്പുർ റേഞ്ച് ഐജി അലോക് കുമാർ വസിഷ്ഠ മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെന്നത് സത്യമാണെന്നും എന്നാൽ തൊഗാഡിയയെ കാണാനായില്ലെന്നും സോല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ.എസ്.പട്ടേൽ അറിയിച്ചു.